എന്‍.ഐ.ടി, ഐസര്‍ ഫീസുകള്‍ കുത്തനെ കൂട്ടി
text_fieldsന്യൂഡല്‍ഹി: ഐ.ഐ.ടികളിലേതിനു പിന്നാലെ ശാസ്ത്ര-സാങ്കേതിക ഉന്നത വിദ്യാകേന്ദ്രങ്ങളായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി),
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് (ഐസര്‍) എന്നിവിടങ്ങളിലെ ഫീസ് നിരക്കും കേന്ദ്രസര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു. എന്‍.ഐ.ടികളില്‍ 79 ശതമാനവും ഐ.ഐ.എസ്.ഇ.ആറില്‍ 127 ശതമാനവുമാണ് വര്‍ധന. നിലവില്‍ 70,000 രൂപ വാര്‍ഷിക ഫീസ് നല്‍കുന്ന എന്‍.ഐ.ടി വിദ്യാര്‍ഥികള്‍ ഇനി ഒന്നേകാല്‍ ലക്ഷം നല്‍കണം. ഐ.ഐ.എസ്.ഇ.ആറില്‍ ഇരട്ട ഡിഗ്രി കോഴ്സിന് 25,000 രൂപ ഉണ്ടായിരുന്ന ഫീസ് വര്‍ധിപ്പിച്ച് 1,10,000 രൂപയാക്കി. മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജനറല്‍ കാറ്റഗറി വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് എന്‍.ഐ.ടി ഫീസ് വര്‍ധന ബാധിക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. പട്ടിക ജാതി-വര്‍ഗ വിദ്യാര്‍ഥികള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, സാമ്പത്തിക ദുര്‍ബല വിഭാഗക്കാര്‍ എന്നിവര്‍ക്ക് ട്യൂഷന്‍ ഫീസ് പൂര്‍ണമായും സൗജന്യമായിരിക്കും. ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായി ഇളവുനല്‍കുമ്പോള്‍ അഞ്ചുലക്ഷം വരെ ഉള്ളവര്‍ക്ക് മൂന്നില്‍ രണ്ട് ഇളവുനല്‍കും. ഇതിനുപുറമെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാലക്ഷ്മി പദ്ധതിപ്രകാരം പലിശ രഹിത വായ്പയും ലഭിക്കും. രാജ്യത്ത് 31 എന്‍.ഐ.ടികളും ആറ് ഐ.ഐ.എസ്.ഇ.ആറുകളുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.