ബോംബെ ഹൈകോടതി മുംബൈ ഹൈകോടതിയായി പേരുമാറുന്നു
text_fieldsമുംബൈ: പേരുമാറ്റത്തിന് ഊഴംകാത്ത് ബോംബെ ഹൈകോടതി. 1995ല്‍ ബോംബെ നഗരം മുംബൈ ആയി മാറിയെങ്കിലും നഗരത്തിലെ ഹൈകോടതി, ഓഹരി വിപണി കേന്ദ്രം, ഐ.ഐ.ടി തുടങ്ങിയ പ്രധാന സ്ഥാപനങ്ങള്‍ ബോംബെ എന്ന പേരില്‍ തുടരുകയായിരുന്നു.
പേരുമാറ്റം ആവശ്യപ്പെട്ട് ശിവസേന പലകുറി രംഗത്തുവന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വിലങ്ങുതടിയായി. ഇതോടെ സംസ്ഥാന സര്‍ക്കാറുകളുടെയും ഹൈകോടതികളുടെയും സമ്മതത്തോടെ ബോംബെ, കല്‍ക്കത്ത, മദ്രാസ് ഹൈകോടതികളുടെ പേരുമാറ്റത്തിന് കേന്ദ്ര നിയമ മന്ത്രാലയം ബില്‍ തയാറാക്കിയിരിക്കുകയാണ്.
വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ പാസാക്കുകയാണ് കേന്ദ്ര സര്‍ക്കാറിന്‍െറ ലക്ഷ്യം.
എന്നാല്‍, കല്‍ക്കത്ത ഹൈകോടതിയുടെ പേരുമാറ്റത്തിന് പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്‍െറ അനുമതി ലഭിച്ചെങ്കിലും ഹൈകോടതിയുടെ സമ്മതം കേന്ദ്രത്തിന് ലഭിച്ചിട്ടില്ല. അവധിക്കാല ശേഷം കല്‍ക്കത്ത ഹൈകോടതിയുടെ സമ്മതവും ലഭിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. 1862ലാണ് ബോംബെ ഹൈകോടതി സ്ഥാപിതമായത്. 1861ലെ ഇന്ത്യന്‍ ഹൈകോര്‍ട്ട് ആക്ട് പ്രകാരമായിരുന്നു ബോംബെ, മദ്രാസ്, കല്‍ക്കത്ത ഹൈകോടതികള്‍ സ്ഥാപിച്ചത്.
ബോംബെ ഹൈകോടതി പ്രവര്‍ത്തനം ആരംഭിച്ചത് 1862 ആഗസ്റ്റ് 14നാണ്. ഗോവ, നാഗ്പുര്‍, ഒൗറംഗാബാദ് ബെഞ്ചുകള്‍ ബോംബെ ഹൈകോടതിക്കുണ്ട്. 1995ല്‍ മഹാരാഷ്ട്രയില്‍ ശിവസേന അധികാരത്തില്‍ എത്തിയപ്പോഴാണ് നഗരനാമം മുംബൈ ആയത്. അന്നുതൊട്ട് ഹൈകോടതിയുടെയും മറ്റും പേരുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ഉടന്‍ ഹൈകോടതി അടക്കമുള്ള സ്ഥാപനങ്ങളുടെ പേരുമാറ്റം ആവശ്യപ്പെട്ട് ശിവസേന പ്രതിനിധിസംഘം ഡല്‍ഹിയില്‍ ചെന്നിരുന്നു.
ബോംബെ ഹൈകോടതിയുടെ പേരുമാറ്റുന്നതോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ ഐ.ഐ.ടി എന്നിവയുടെ പേരുമാറ്റം ആവശ്യപ്പെട്ട് രംഗത്തുവരുമെന്ന് ശിവസേന നേതാക്കള്‍ പറഞ്ഞു. മുംബാ ദേവിയുടെ പേരിന് ഒപ്പിച്ചാണ് മുംബൈ എന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.