എന്‍.എസ്.ജി: ഈ വര്‍ഷം അവസാനത്തോടെ വീണ്ടും യോഗം ചേര്‍ന്നേക്കും; ഇന്ത്യക്ക് പ്രതീക്ഷ
text_fieldsന്യൂഡല്‍ഹി: ആണവ ദാതാക്കളുടെ ഗ്രൂപ് (എന്‍.എസ്.ജി) അംഗ രാജ്യങ്ങളുടെ യോഗം ഈ വര്‍ഷം അവസാനത്തോടെ വീണ്ടും ചേര്‍ന്നേക്കും. ഇന്ത്യയടക്കമുള്ള ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങളുടെ അംഗത്വം സംബന്ധിച്ച് യോഗത്തില്‍ പ്രത്യേകം ചര്‍ച്ചയുണ്ടാവാനും സാധ്യതയുണ്ട്. സോളില്‍ കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ച എന്‍.എസ്.ജി പ്ളീനറി യോഗത്തില്‍ ചൈനയും മറ്റു ചില രാജ്യങ്ങളും എതിര്‍ത്തതിനെ തുടര്‍ന്ന് ഇന്ത്യയുടെ അംഗത്വ ശ്രമം പരാജയപ്പെട്ടിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പുവെക്കാത്ത കാരണം ചൂണ്ടിക്കാട്ടിയാണ് ചൈനയടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ ശ്രമം തടഞ്ഞത്.
ഈ വര്‍ഷം അവസാനത്തോടെ യോഗം ചേരണമെന്ന നിര്‍ദേശം മെക്സികോയാണ് മുന്നോട്ടുവെച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അടുത്ത യോഗം ചേരാന്‍ തീരുമാനമെടുത്തതായി നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. സാധാരണഗതിയില്‍ അടുത്ത വര്‍ഷമാണ് യോഗം നടക്കേണ്ടിയിരുന്നത്. മെക്സികോയുടെ നിര്‍ദേശത്തെ ചൈന എതിര്‍ത്തെങ്കിലും അമേരിക്കയടക്കം മിക്ക രാജ്യങ്ങളുടെയും പിന്തുണ അവര്‍ക്ക് നേടാനായി. ഇന്ത്യയുടെ അംഗത്വവുമായി ബന്ധപ്പെട്ട് അനൗദ്യോഗിക വിദഗ്ധ സമിതിയെയും എന്‍.എസ്.ജി ചുമതലപ്പെടുത്തിയിട്ടുണ്ട്. അര്‍ജന്‍റീന അംബാസഡര്‍ റാഫേല്‍ ഗ്രോസിയാണ് ഇതിന്‍െറ അധ്യക്ഷന്‍. ഈ നീക്കം ഇന്ത്യയുടെ അംഗത്വത്തിനുള്ള ശ്രമങ്ങളെ സഹായിക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം അവസാനത്തോടെതന്നെ ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം നേടാനാവുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.
താഷ്കന്‍റില്‍ ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിനോട് ഇന്ത്യയുടെ അംഗത്വ ശ്രമത്തിന് പിന്തുണ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാതെ ചൈന ഇന്ത്യയുടെ ശ്രമത്തെ എതിര്‍ക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.