ഉഭയകക്ഷി ബന്ധത്തിന് വെല്ലുവിളി അതിര്‍ത്തി തര്‍ക്കമെന്ന് ചൈന
text_fieldsബെയ്ജിങ്: ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കവും ‘പുതുതായുണ്ടായ ചില പ്രശ്നങ്ങളും’ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വെല്ലുവിളിയാണെന്ന് ചൈന. അയല്‍ രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യക്കും ചൈനക്കുമിടയില്‍ അതിര്‍ത്തി തര്‍ക്കവും പുതിയ ചില പ്രശ്നങ്ങളും ഉള്‍പ്പെടെ ചരിത്രപരമായ പ്രശ്ന വിഷയങ്ങളുണ്ട്. ഈ വിഷയങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിലെ വെല്ലുവിളിയെന്ന് ചൈനീസ് വിദേശകാര്യ ഉപമന്ത്രി ലി ഹുയ്ലായ് പറഞ്ഞു.
ആശയവിനിമയം സംഭാഷണവും ശക്തിപ്പെടുത്താനും പ്രശ്നവിഷയങ്ങള്‍ പരസ്പര ബന്ധത്തെ ബാധിക്കാത്തവിധം ചര്‍ച്ചകളിലൂടെ ന്യായവും യുക്തിസഹവും പരസ്പര സ്വീകാര്യവുമായ പരിഹാരമുണ്ടാക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പുതുതായുണ്ടായ പ്രശ്നങ്ങള്‍ എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇന്ത്യയും ചൈനയും തമ്മിലെ അതിര്‍ത്തി തര്‍ക്കം ഉഭയകക്ഷി വ്യാപാരത്തെ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം വര്‍ധിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച ചൈനയില്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനം നടത്തിയശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടിരുന്നു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഈ വര്‍ഷം ഏപ്രിലില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുകയും ചെയ്തു. ദക്ഷിണ തിബത്തിന്‍െറ ഭാഗമെന്ന് ചൈന അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെ 2000 കിലോമീറ്റര്‍ അതിര്‍ത്തിയെക്കുറിച്ചാണ് തര്‍ക്കമെന്നാണ് ചൈന വാദിക്കുന്നത്. എന്നാല്‍, 1962ലെ യുദ്ധത്തില്‍ ചൈന കൈവശപ്പെടുത്തിയ അക്സായിചിന്‍ ഉള്‍പ്പെടെ യഥാര്‍ഥ നിയന്ത്രണ രേഖയെക്കുറിച്ച് മുഴുവന്‍ തര്‍ക്കമുണ്ടെന്നാണ് ഇന്ത്യയുടെ വാദം.
രണ്ട് രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ സമവായമുണ്ടാക്കുകയും ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തുകയുമെന്നതാണ് ഇന്ത്യക്കും ചൈനക്കും മുന്നിലെ മുഖ്യ ഉത്തരവാദിത്തമെന്നും ലി പറഞ്ഞു. ജെയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് യു.എന്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള ശ്രമത്തെ ചൈന തടഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, എല്ലാ തരത്തിലുമുള്ള ഭീകരവാദത്തിനുമെതിരായ പോരാട്ടത്തെ ചൈന പിന്തുണക്കുന്നുവെന്നായിരുന്നു മറുപടി. ഭീകരതയെ നേരിടുന്നതിനുള്ള ആഗോള സഹകരണം ശക്തിപ്പെടുത്തണമെന്നാണ് ചൈന ആഹ്വാനം ചെയ്യുന്നതെന്നും യു.എന്‍ ഇതില്‍ മുഖ്യ പങ്ക് വഹിക്കുന്നതിനെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക ഉള്‍പ്പെടെ മിക്ക അംഗങ്ങളും പിന്തുണച്ചിട്ടും ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തെ ചൈന എതിര്‍ത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍, വിഷയത്തില്‍ അംഗ രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് ചൈന ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത എല്ലാ രാജ്യങ്ങളോടുമുള്ള ചൈനയുടെ നിലപാട് ഇതാണെന്നും ഏതെങ്കിലുമൊരു രാജ്യത്തെ ലക്ഷ്യം വെച്ചല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം നല്‍കുന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ ത്വരിതപ്പെടുത്തുന്നതിന് അര്‍ജന്‍റീന അംബാസിഡര്‍ റാഫേല്‍ ഗ്രോസിയെ ചുമതലപ്പെടുത്തിയതിനെക്കുറിച്ച് അറിയില്ളെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ പറഞ്ഞു. ആണവകരാറില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങളെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ വര്‍ഷം അവസാനം എന്‍.എസ്.ജി വീണ്ടും യോഗം ചേര്‍ന്നേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.