ബഹളത്തോടെ തുടക്കം; റബര്‍ ഷീറ്റ് ഉയര്‍ത്തി പ്രതിഷേധം
text_fieldsന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മൂന്നാം ബജറ്റ് അവതരണത്തിന്‍െറ തുടക്കം ബഹളത്തോടെ. ജെയ്റ്റ്ലി ബജറ്റിന്‍െറ ആദ്യ വാചകം വായിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേറ്റു. രോഹിത് വെമുല വിഷയത്തില്‍ സഭയില്‍ കള്ളംപറഞ്ഞ മാനവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെ നല്‍കിയ അവകാശലംഘന നോട്ടീസ് ഉന്നയിച്ചായിരുന്നു കോണ്‍ഗ്രസിന്‍െറ പ്രതിഷേധം. ബജറ്റ് അവതരണത്തിന്‍െറ തുടക്കത്തില്‍ ഇത്തരം പ്രതിഷേധം സഭയില്‍ മുമ്പുണ്ടായിട്ടില്ലാത്തതാണ്.
ബഹളം കാരണം ധനമന്ത്രിക്ക് ബജറ്റ് പ്രസംഗം അല്‍പനേരം നിര്‍ത്തിവെക്കേണ്ടി വന്നു. കോണ്‍ഗ്രസിന്‍െറ നീക്കം ചീത്ത രാഷ്ട്രീയമാണെന്നും ബഹളം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു രംഗത്തുവന്നു. ഇതോടെ കോണ്‍ഗ്രസ് ബെഞ്ചില്‍നിന്ന് പ്രതിഷേധം ശക്തമായി. ഒടുവില്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അവകാശലംഘന നോട്ടീസ് തന്‍െറ പരിഗണനയിലുണ്ടെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ അടങ്ങി.
റബര്‍കര്‍ഷകരെ കേന്ദ്ര ബജറ്റില്‍ പൂര്‍ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ച് സഭയില്‍ റബര്‍ ഷീറ്റ് ഉയര്‍ത്തിയുള്ള പ്രതിഷേധവും അരങ്ങേറി. ആന്‍േറാ ആന്‍റണി എം.പിയാണ് ബജറ്റ് അവതരണം പൂര്‍ത്തിയായതിന് പിന്നാലെ റബര്‍ ഷീറ്റ് ഉയര്‍ത്തി കേരളത്തിന്‍െറ അമര്‍ഷം പ്രകടിപ്പിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്‍െറ ആദ്യ അര മണിക്കൂറിനുശേഷം ഇരുന്നുകൊണ്ടാണ് ജെയ്റ്റ്ലി ബജറ്റ് വായിച്ചത്.
കടുത്ത പ്രമേഹം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളുള്ള ജെയ്റ്റ്ലി ഇരുന്നുകൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.