പി.എഫ് തുകക്ക് നികുതി ഈടാക്കില്ല; വിശദീകരണവുമായി കേന്ദ്രം
text_fieldsന്യൂഡല്‍ഹി: 2016ലെ കേന്ദ്ര ബജറ്റില്‍ ആശയക്കുഴപ്പവും കാര്യമായ വിമര്‍ശനവും ഉയര്‍ത്തിയ പ്രൊവിഡന്‍റ് ഫണ്ട് നികുതി സംബന്ധിച്ച പ്രഖ്യാപനത്തില്‍ കേന്ദ്രത്തിന്‍റെ വിശദീകരണം.
പി.എഫില്‍ നിന്ന് പിന്‍വലിക്കുന്ന തുക പൂര്‍ണമായും ആദായ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി. 60-40 ശതമാനം എന്ന വേര്‍തിരിവില്ലാതെ തന്നെ പി.എഫില്‍ നിന്നെടുക്കുന്ന തുക പൂര്‍ണമായും നികുതിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. അതേസമയം, 2016 ഏപ്രില്‍ മുതല്‍ അക്കൗണ്ട് ഉടമയുടെ പി.എഫ് നിക്ഷേപത്തിന്‍െറ പലിശക്ക് ആദായ നികുതി നല്‍കേണ്ടിവരുമെന്നാണ് പുതിയ ഭേദഗതി. പലിശയുടെ 60 ശതമാനത്തിനാണ് നികുതി നല്‍കേണ്ടതെന്നും റവന്യൂ സെക്രട്ടറി ഹസ്മുഖ് അഥിയ വ്യക്തമാക്കി. അതേസമയം, 2016 ഏപ്രില്‍ വരെ പി.എഫ് നിക്ഷേപത്തിന്‍െറ പലിശക്കും നികുതിയുണ്ടാവില്ല.
2016 ഏപ്രില്‍ ഒന്ന് മുതല്‍ തൊഴിലാളികള്‍ അടക്കുന്ന വിഹിതം വഴി ഇ.പി.എഫില്‍ സമാഹരിക്കപ്പെടുന്ന തുകയുടെ 40 ശതമാനം മാത്രമേ നികുതി മുക്തമായിരിക്കുകയുള്ളൂവെന്നും ബാക്കി തുക ഉപയോഗിച്ച് പെന്‍ഷന്‍ വാങ്ങിയില്ളെങ്കില്‍ ആ തുകക്ക് നികുതി നല്‍കണം എന്നുമായിരുന്നു ബജറ്റ് നിര്‍ദേശം.
2015ലെ ബജറ്റില്‍ ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ (എന്‍.പി.എസ്) 50,000 രൂപവരെയുള്ള നിക്ഷേപത്തിന് അധിക ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ പദ്ധതി കാലാവധി എത്തുമ്പോള്‍ ലഭിക്കുന്ന തുകക്ക് നികുതി ചുമത്തിയിരുന്നു. ഇ.പി.എഫിന് സമാനമായി എന്‍.പി.എസിലെ നിക്ഷേപങ്ങളും എല്ലാ ഘട്ടത്തിലും നികുതി മുക്തമാക്കണമെന്ന് അന്ന് മുതല്‍ ആവശ്യവും ഉയര്‍ന്നു. ഇത് അംഗീകരിക്കുന്നുവെന്ന വ്യാജേനയാണ് ഇ.പി.എഫ് തുകക്കും ഈ ബജറില്‍ നികുതി ചുമത്തിയത്.
ഇതുവരെ ഒരു ഘട്ടത്തിലും നികുതിയില്ലാത്ത നിക്ഷേപമായിരുന്നു ഇ.പി.എഫിലേത്. ബജറ്റ് നിര്‍ദേശമനുസരിച്ച് എന്‍.പി.എസ് കാലാവധി എത്തുമ്പോള്‍ പിന്‍വലിക്കാവുന്ന 40 ശതമാനം തുകക്ക് ഇനി നികുതിയില്ല. ബാക്കി തുക ഉപയോഗിച്ച് പെന്‍ഷന്‍ വാങ്ങിയിരിക്കണം. ഇതേ മാനദണ്ഡമാണ് ഇ.പി.എഫിനും ബാധകമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.