അലീഗഢ് സെന്‍ററുകള്‍ പൂട്ടിക്കുമെന്ന് സ്മൃതി ഇറാനിയുടെ ഭീഷണി
text_fieldsന്യൂഡല്‍ഹി: കേരളത്തിലേതടക്കം അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെ (എ.എം.യു) സെന്‍ററുകള്‍ അനധികൃതമാണെന്നും അടച്ചുപൂട്ടിക്കുമെന്നും മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. ഫണ്ട് അപര്യാപ്തതമൂലം പ്രവര്‍ത്തനം പ്രതിസന്ധിയിലായ എ.എം.യു മലപ്പുറം സെന്‍ററിന് കേന്ദ്രപിന്തുണ ആവശ്യപ്പെട്ട് ജനുവരി എട്ടിന് മന്ത്രിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും സംഘത്തോടുമാണ് ചില്ലിക്കാശുപോലും തരില്ളെന്നും സെന്‍റര്‍ പൂട്ടിക്കുമെന്നും മന്ത്രി പറഞ്ഞത്.
പെരിന്തല്‍മണ്ണയില്‍ 345 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചപ്പോള്‍ അതു തിരിച്ചെടുത്തുകൊള്ളാനും സ്മൃതി നിര്‍ദേശിച്ചു. നിയമവിരുദ്ധമാണ് ഈ സെന്‍ററുകള്‍ എന്നനിലപാടായിരുന്നു മന്ത്രിയുടേത്. എന്നാല്‍, മന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നാണ് ചര്‍ച്ചക്കുശേഷം മുഖ്യമന്ത്രി അറിയിച്ചത്. അതേ ആഴ്ച തിരുവനന്തപുരത്ത് തുടര്‍ചര്‍ച്ച നടത്തിയെങ്കിലും സെന്‍ററിന്‍െറ നടത്തിപ്പിന് അനുകൂലമായ ഒരു നീക്കവും മന്ത്രിയില്‍നിന്നുണ്ടായില്ല. ജസ്റ്റിസ് സച്ചാര്‍ സമിതിയുടെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാനാണ് മുര്‍ഷിദാബാദ്, മലപ്പുറം, കിഷന്‍ഗഞ്ച്, ഭോപാല്‍, പുണെ എന്നിവിടങ്ങളില്‍ അലീഗഢ് സര്‍വകലാശാലാ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ 2010ല്‍ ചാന്‍സലര്‍കൂടിയായ രാഷ്ട്രപതി അനുമതി നല്‍കിയത്.
ചര്‍ച്ചക്കിടെ അലീഗഢ് വൈസ് ചാന്‍സലര്‍ ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷായെ മന്ത്രി ആട്ടിപ്പുറത്താക്കിയെന്നും ആരോപണമുണ്ട്. മില്ലി ഗസറ്റ് എഡിറ്ററും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. സഫറുല്‍ ഇസ്ലാം ഖാനാണ് ആരോപണമുന്നയിച്ചത്.
ആരുടെ ക്ഷണപ്രകാരമാണ് ചര്‍ച്ചക്കു വന്നതെന്നു തിരക്കിയ മന്ത്രിയോട് കേരള മുഖ്യമന്ത്രി വിളിച്ചിട്ടാണു വന്നതെന്ന് വി.സി മറുപടി നല്‍കിയെന്നും കേരള മുഖ്യമന്ത്രിയല്ല മന്ത്രാലയമാണ് ശമ്പളം നല്‍കുന്നതെന്നും പുറത്തുപോയിരിക്കാന്‍ സ്മൃതി നിര്‍ദേശിച്ചതായും മില്ലി ഗസറ്റില്‍ പേരുവെച്ചെഴുതിയ ലേഖനത്തില്‍ ഖാന്‍ ആരോപിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ സര്‍വകലാശാല വക്താവ് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് വി.സി സംഭവം നിഷേധിച്ചു.
എന്നാല്‍, കേന്ദ്രങ്ങള്‍ അനധികൃതമാണെന്നും അടപ്പിക്കുമെന്നും മന്ത്രി ഭീഷണിപ്പെടുത്തിയെന്ന് തനിക്ക് വിവരം ലഭിച്ചതായും അവയുടെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയും നിശ്ചിത സമയത്തുതന്നെ പൂര്‍ണസജ്ജമാക്കുകയുമാണ് തന്‍െറ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ സയ്യിദ് അഹ്മദ് ഖാന്‍ സര്‍വകലാശാല സ്ഥാപിച്ചത് അലീഗഢിലെ മുസ്ലിംകള്‍ക്കുവേണ്ടി മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വേണ്ടിയാണെന്നും ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.