പത്താൻകോട്ട്: മസൂദ് അസ്ഹറെ ചോദ്യം ചെയ്യാൻ ഇന്ത്യക്ക് അവസരം നൽകും -പാകിസ്താൻ
text_fieldsന്യൂഡൽഹി: പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് തീവ്രവാദ സംഘടന ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറെ ചോദ്യം ചെയ്യാൻ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് അവസരം നൽകിയേക്കുമെന്ന് റിപ്പോർട്ട്. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പത്താൻകോട്ട് ഭീകരാക്രമണത്തെ കുറിച്ച് പാക് ഏജൻസി ആദ്യം അന്വേഷണം നടത്തും. ഇതിൽ മസൂദ് അസ്ഹർ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കേസിന്‍റെ ഭാഗമായി ചോദ്യം ചെയ്യാൻ ഇന്ത്യക്ക് അവസരം നൽകുമെന്നും അസീസ് വ്യക്തമാക്കി. മസൂദ് അസ്ഹർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അമേരിക്കൻ പ്രതിരോധ മേഖലകളെ കുറിച്ച് വാർത്തകൾ എഴുതുന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് സർതാജ് അസീസ് പാക് നിലപാട് വ്യക്തമാക്കിയത്. 2016 ജനുവരി രണ്ടിന് പത്താൻകോട്ട് വ്യോമസേനാ താവളത്തിലേക്ക് നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ പാകിസ്താൻ സഹായം വാഗ്ദാനം ചെയ്തിരുന്നു.
ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആക്രമണവുമായി ബന്ധപ്പെട്ട ചിലരെ പാക് അധികൃതർ വീട്ടുതടങ്കലിലാക്കിയിരുന്നു. കൂടാതെ അന്വേഷണത്തിന് അഞ്ചംഗ സംയുക്ത സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.