ശ്രീ ശ്രീ രവിശങ്കറിന്‍െറ സമ്മേളനത്തിന് വേദികെട്ടാന്‍ പാവങ്ങളെ ആട്ടിയിറക്കുന്നു
text_fieldsന്യൂഡല്‍ഹി: ജീവിതം ആഘോഷമാക്കുക എന്ന പ്രമേയത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്‍െറ ആര്‍ട്ട് ഓഫ് ലിവിങ് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ലോക സാംസ്കാരിക സമ്മേളനത്തിന് വേദിയൊരുക്കാന്‍ ദലിതുകളെയും ദരിദ്ര കര്‍ഷക തൊഴിലാളികളെയും ഭീഷണിപ്പെടുത്തി കുടിയിറക്കി.
എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് വക കേസും. യമുനാ തീരത്ത് നദിയെ ശ്വാസംമുട്ടിച്ചും മരങ്ങള്‍ മുറിച്ചുതള്ളിയുമാണ് മൂന്നുദിവസത്തെ ചടങ്ങിനായി ആയിരത്തോളം ഏക്കറില്‍ വേദി ഒരുക്കുന്നത്. പരിസ്ഥിതിക്ക് വന്‍ ആഘാതംവരുത്തുമെന്ന ആശങ്കയില്‍ പരിപാടിക്ക് അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതി ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ പരിഗണനയിലുണ്ട്. എന്നാല്‍ പ്രധാനമന്ത്രി, രാഷ്ട്രപതി, വിവിധ വിദേശ രാഷ്ട്ര പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന, ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള കലാപരിപാടികള്‍ അരങ്ങേറാനിരിക്കുന്ന ചടങ്ങിനായി സജ്ജീകരണങ്ങള്‍ തിരക്കിട്ട് തുടരുകയാണ്.
പരിപാടി നടക്കേണ്ട മയൂര്‍ വിഹാറിനടുത്തുള്ള പ്രദേശങ്ങളില്‍ പാര്‍ക്കിങ് ഗ്രൗണ്ട് ഒരുക്കാനായി നിരവധി സാധുകര്‍ഷകരുടെ വിളവുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചത്. നോയ്ഡാ റോഡില്‍ കുടിയിറക്കിനെ എതിര്‍ത്തതിനെ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി സല്‍മാന്‍, സുഹൃത്തുക്കളായ യമീന്‍, ശിവ് കുമാര്‍ എന്നിവരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി. എന്നാല്‍ 300 രൂപയും വാച്ചും കവര്‍ന്നു എന്ന കുറ്റം ആരോപിച്ചാണ് ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെ വകുപ്പുകളില്‍ യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരുടെ ജാമ്യത്തിനായുള്ള ശ്രമങ്ങളില്‍ ബന്ധുക്കള്‍ മുഴുകിയിരിക്കെ കൂടുതല്‍ ബുള്‍ഡോസറുകളത്തെി കൃഷികള്‍ നശിപ്പിക്കുകയായിരുന്നു.
കൃഷി നശിപ്പിച്ച് ഭൂമി പാര്‍ക്കിങ് ഗ്രൗണ്ടാക്കി മാറ്റിയതിനെതിരെ ചില്ല മേഖലയില്‍ ദലിത് കുടുംബങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഇരുന്നൂറിലേറെ ഏക്കര്‍ ഭൂമിയാണ് അനുവാദമില്ലാതെ കൃഷി നശിപ്പിച്ച് നികത്തിയത്. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം തടഞ്ഞാല്‍ അനധികൃത ഭൂമി കൈയേറ്റം ചുമത്തി കുടിയിറക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയതായി കുടുംബങ്ങള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാറുമായി അടുപ്പമുള്ള രവിശങ്കറുടെ പരിപാടിയുടെ നടത്തിപ്പില്‍ ഉത്തര്‍പ്രദേശ്, ഡല്‍ഹി സര്‍ക്കാറുകളും പങ്കാളികളാണെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു.
ഡല്‍ഹിയില്‍ കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ളെന്ന് പ്രഖ്യാപിച്ചിട്ടുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഈ സംഗതികളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ആപ് മന്ത്രിസഭയിലെ പ്രമുഖനായ കപില്‍ ശര്‍മ സമ്മേളനത്തിന്‍െറ സ്വാഗതസംഘം ഭാരവാഹിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.