ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളില്‍ പോത്തോട്ട മത്സരത്തിന് ഹൈകോടതി അനുമതി
text_fieldsമംഗളൂരു: ദക്ഷിണ കന്നട,ഉടുപ്പി ജില്ലകളില്‍ കമ്പളം (പോത്തോട്ട മത്സരം) നടത്താന്‍ ഹൈകോടതി അനുമതി. നേരത്തെ കമ്പളം അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് മ്യഗങ്ങളോടുള്ള ക്രൂരതക്കെതിരെ പ്രവര്‍ത്തിക്കുന്ന പി.ഇ.ടി.എ എന്ന സംഘടനയുടെ പൊതുതാല്‍പര്യ ഹരജി പരിഗണിച്ച് ഹൈകോടതി കമ്പളം നിരോധിച്ചിരുന്നു. ഇതിനെതിരെ കമ്പള കമ്മിറ്റികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.കെ. മുഖര്‍ജി, ജസ്റ്റിസ് രവി മളിമഠ് എന്നിവരുടെ ബെഞ്ചിന്‍റെ പുതിയ വിധി.
കഴിഞ്ഞ ഡിസംബര്‍ 15നായിരുന്നു കമ്പള അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് 2014ല്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയുടെ
ലംഘനമാണെന്ന് മൃഗസ്നേഹികളുടെ സംഘടന ഹൈകോടതിയില്‍ ബോധിപ്പിച്ചിരുന്നു. ചാട്ടവാറിലും കൈകൊണ്ടുമുള്ള അടിയും മുക്കുകയറില്‍
പിടിച്ചുള്ള വലിയും കാരണം വേദനിച്ചും ഭയന്നും പോത്തുകള്‍ ഓടുന്നതിനെയാണ് മത്സരം എന്ന പേരില്‍ നടത്തുന്നതെന്ന് സംഘടന ബോധിപ്പിച്ചു. എന്നാല്‍, ഉത്തരവിന് പിന്നാലെ ഡിസംബര്‍ 17ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍കുലര്‍ കമ്പളം കമ്മിറ്റി കോടതിയില്‍ ഹാജരാക്കി.
കമ്പള വേളയില്‍ പോത്തുകളുടെ ദേഹത്ത് സ്പര്‍ശിക്കരുത്, മതിയായ ആഹാരം നല്‍കണം, വിശ്രമ ഷെഡ് ഒരുക്കണം തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കുലറിലുള്ളത്. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ജില്ലാ ഡെപ്യൂട്ടി കമീഷണര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് ഹൈകോടതി വിധിയില്‍ പറഞ്ഞു. തഹസില്‍ദാറും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പക്ടറും കമ്പളം നടക്കുന്ന സ്ഥലത്ത് ഹാജരായി പരിശോധിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.
ഹൈകോടതി നിരോധം നിലവിലിരിക്കെ കഴിഞ്ഞ ആഴ്ച മംഗളൂരുവില്‍ സുപ്രിംകോടതിയില്‍ നിന്ന് നേടിയ താല്‍ക്കാലിക ഉത്തരവിന്‍റെ ബലത്തില്‍ കമ്പളം നടത്തിയിരുന്നു. സാംസ്കാരിക പൈത്യക അടയാളമായ കമ്പളം സൂര്യനും ചന്ദ്രനും ഉള്ള കാലം വരെ തുടരുമെന്നായിരുന്നു പോത്തോട്ട മത്സരം ഉദ്ഘാടന ചടങ്ങില്‍ കമ്പളം കാണാനെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങിയ ആയിരങ്ങളെ സാക്ഷി നിറുത്തി ദക്ഷിണ കന്നട ജില്ലയുടെ ചുമതല വഹിക്കുന്ന പരിസ്ഥിതി-വനം മന്ത്രി ബി. രമാനാഥ റൈ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.