പ്രശാന്ത് കിഷോർ യു.പിയിൽ കോൺഗ്രസിന് തന്ത്രം മെനയും
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും വിജയ തന്ത്രങ്ങൾ രൂപപ്പെടുത്തിയ പ്രശാന്ത് കിഷോർ ഉത്തർപ്രദേശിൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുമെന്ന് റിപ്പോർട്ട്. യു.പിയിൽ നടപ്പാക്കേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് തീരുമാനിക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പ്രശാന്ത് കിഷോറും പങ്കെടുത്തതായി സംസ്ഥാന കോൺഗ്രസ് നേതാവ് നിർമൽ ഖാത്രി പറഞ്ഞു.
കിഷോറിന്‍റെ തന്ത്രങ്ങൾ യു.പിയിൽ കോൺഗ്രസിന്‍റെ തിരിച്ചു വരവിന് കൂടുതൽ കരുത്തേകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. പ്രശാന്തിന്‍റെ അനുഭവ പരിചയം പാർട്ടിക്ക് ഗുണമേകും. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തുമെന്ന കാര്യത്തിൽ പൂർണ വിശ്വാസമുണ്ട്. നരേന്ദ്ര മോദി, മുലായം സിങ്, മായാവതി എന്നിവരെ തോൽപ്പിക്കുകയാണ് ലക്ഷ്യം. പ്രിയങ്ക ഗാന്ധിയെ മുൻനിർത്തി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സംഘടിപ്പിക്കാൻ പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടെന്ന മാധ്യമ വാർത്തകളെകുറിച്ച് പ്രതികരിച്ച ഖാത്രി, ഈ വിഷയത്തിൽ ചർച്ച നടന്നിട്ടില്ലെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ആര് നയിക്കണമെന്ന തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുതിർന്ന നേതാവ് റീത്ത ബഹുഗുണ ജോഷി പറഞ്ഞു. വർഗീയ ധ്രൂവീകരണത്തിലൂടെ സ്വാധീനം ഉറപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വില വർധനവ്, ക്രമസമാധാനം, ജല-വൈദ്യുതി ലഭ്യത, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി എന്നിവയും തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയങ്ങളാകുമെന്നും റീത്ത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.