വരുന്നൂ വി.വി.പി.എ.ടി അഥവാ വോട്ട് സ്ഥിരീകരണ യന്ത്രം
text_fieldsന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്‍റെ സുതാര്യതക്കും സുരക്ഷക്കും വേണ്ടി കര്‍ശനവും പുതുമയാര്‍ന്നതുമായ സംവിധാനങ്ങളാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. നോട്ടയുടെ ബട്ടനില്‍ ചിഹ്നം കൊണ്ടു വരുന്നതും സ്ഥാനാര്‍ഥികളുടെ ചിത്രം വോട്ടിംഗ് മെഷീനില്‍ പകര്‍ത്തുന്നതും മാത്രമല്ല, ആര്‍ക്ക് വോട്ട് ചെയ്തു എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ കൂടിയുള്ള സംവിധാനമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ഏത് സ്ഥാനാര്‍ത്ഥിക്കാണോ വോട്ട് ചെയ്തത് ആ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം അച്ചടിച്ച് നമ്മുടെ കയ്യില്‍ കിട്ടുമെന്നര്‍ത്ഥം. വി.വി.പി.എ.ടി(വോട്ട് സ്ഥിരീകരണ യന്ത്രം) എന്നാണ് ഇതിനായി ഒരുക്കിയ സംവിധാനത്തിന്‍റെ പേര്.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 12 മണ്ഡലങ്ങളില്‍ വി.വി.പി.എ.ടി ഉപയോഗിക്കുന്നുണ്ട്. വട്ടിയൂര്‍കാവ്, നേമം,കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃക്കാക്കര,തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട് നോര്‍ത്ത്, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളില്‍ ആണ് ഈ യന്ത്രം സ്ഥാപിക്കുക. അസമില്‍ പത്ത്, തമിഴ്നാട്ടില്‍ 17, വെസ്റ്റ് ബംഗാളില്‍ 22, പുതുച്ചേരി മൂന്ന് മണ്ഡലങ്ങളില്‍ ഇത് ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലായി മൊത്തം 14066 പോളിംഗ് സ്റ്റേഷനുകളില്‍ യന്ത്രം സ്ഥാപിക്കും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധിപ്പിച്ച സീല്‍ഡ് ബോക്സ് മെഷീന്‍ ഒരാള്‍ വോട്ട് രേഖപ്പെടുന്ന അതേ സമയം തന്നെ പ്രവര്‍ത്തിക്കും. നിരവധി ഫീല്‍ഡ് ട്രയലിനും അതിനനുസരിച്ച് വരുത്തിയ മാറ്റങ്ങള്‍ക്കും ശേഷം 2013 ഫെബ്രുവരിയില്‍ ചേര്‍ന്ന ടെക്നിക്കല്‍ എക്സ്പെര്‍ട്ട് കമ്മിറ്റിയുടെ യോഗത്തിനും ശേഷമാണ് വി.വി.പി.എ.ടിക്ക് അനുമതി നല്‍കിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് മുമ്പാകെ പ്രവര്‍ത്തന പ്രദര്‍ശനവും നടത്തി അവരുടെ സംതൃപ്തി കൂടി പിടിച്ചു പറ്റിയാണ് കമ്മീഷന്‍ ഇത് രംഗത്തിറക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ബാഗ്ളൂര്‍ ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഇന്ത്യ ലിമിറ്റഡും ചേര്‍ന്നാണ് ഈ യന്ത്രം വികസിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.