കനയ്യയുടെ പ്രസംഗം ബി.ജെ.പിയുടെ വിജയം: ധനമന്ത്രി
text_fieldsന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന്‍െറ പ്രസംഗം ‘തങ്ങളുടെ വിജയ’മാണെന്ന് കേന്ദ്ര ധനമന്ത്രി.
ജാമ്യത്തിലിറങ്ങി നടത്തിയ പ്രസംഗത്തില്‍ ‘ജയ് ഹിന്ദ്’ വിളിച്ചതും ദേശീയപതാക വീശിയതും ഉയര്‍ത്തിക്കാണിച്ചാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, കനയ്യ കുമാറിന്‍െറ പ്രസംഗം സര്‍ക്കാറിന്‍െറ വിജയമാണെന്ന് അവകാശപ്പെട്ടത്. ജിഹാദികളുടെ ഒരു ചെറിയ ഗ്രൂപ്പിനോടും മാവോവാദികളുടെ വലിയ ഗ്രൂപ്പിനോടും രാഹുല്‍ ഗാന്ധി സഹതാപം കാണിക്കുന്നത് രാജ്യത്തിന്‍െറ നിര്‍ഭാഗ്യമാണെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. യുവമോര്‍ച്ച വൃന്ദാവനില്‍ സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
‘ഒരു പുതിയ പ്രവണത സംജാതമായിരിക്കുകയാണ്. അഫ്സല്‍ ഗുരുവിനെയും യാക്കൂബ് മേമനെയും അനുസ്മരിക്കാന്‍ ചിലര്‍ പരിപാടികള്‍ നടത്താന്‍ ആഗ്രഹിക്കുന്നു. ഈ ഗ്രൂപ്പുകള്‍ ജിഹാദികളായ ചെറിയ ഗ്രൂപ്പിനോടും മാവോവാദികളായ വലിയ ഗ്രൂപ്പിനോടും രാജിയാകുന്നു. രാജ്യത്തെ വെട്ടിമുറിക്കാനുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. എന്നാല്‍, ഇത്രയുംകാലം മുഖ്യധാരാ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസിന്‍െറ ഉപാധ്യക്ഷന്‍ ഇങ്ങനെ ചെയ്തവരുടെ അടുത്തുപോയി സഹതാപം പ്രകടിപ്പിക്കുന്നു. ഇത് രാജ്യത്തിന്‍െറ നിര്‍ഭാഗ്യമാണ്. ഇത് ആദര്‍ശ ശൂന്യതയാണ്. ദേശീയ ഉത്തരവാദിത്തം നിറവേറ്റിയ ബി.ജെ.പിയാണ് ഈ വിഷയത്തില്‍ വിജയിച്ചുനില്‍ക്കുന്നത്’ -ജെയ്റ്റ്ലി പറഞ്ഞു.
ഇടതുപക്ഷത്തിന് ദേശീയ താല്‍പര്യങ്ങള്‍ക്കെതിരെ സംസാരിച്ച ചരിത്രപരമായ പാരമ്പര്യമുണ്ടെന്നും എന്നാല്‍, രാജ്യം മുറിക്കാനുള്ള എല്ലാ ഗൂഢാലോചനക്കുമെതിരായിരുന്നു കോണ്‍ഗ്രസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ബി.ജെ.പി മുഖ്യമന്ത്രിമാരും പ്രധാനമായും ദേശീയതയിലൂന്നി രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചുള്ള പ്രസംഗമാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.