കൊളീജിയം പരിഷ്കരണത്തിന് കേന്ദ്ര നിര്‍ദേശങ്ങള്‍
text_fieldsന്യൂഡല്‍ഹി: പ്രമുഖ അഭിഭാഷകര്‍, നിയമവിദഗ്ധര്‍ എന്നിവരില്‍നിന്ന് മൂന്നു പേരെയെങ്കിലും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇവരില്‍നിന്ന് നിയമനം നടത്തുമ്പോള്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും അവസരം നല്‍കണമെന്നും സുപ്രീംകോടതിക്കു മുമ്പാകെ സമര്‍പ്പിച്ച നടപടിക്രമ പത്രികയില്‍ ആവശ്യപ്പെടുന്നു.
ന്യായാധിപ നിയമന കമീഷന്‍ നിയമവിരുദ്ധമാക്കിയതിനെ തുടര്‍ന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചാവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് കൊളീജിയം പരിഷ്കരണത്തിന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടിക്രമ പത്രിക തയാറാക്കിയത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിക്കായിരുന്നു ചുമതല.
ഹൈകോടതി ചീഫ് ജസ്റ്റിസുമാര്‍, സുപ്രീംകോടതി ജഡ്ജിമാര്‍ എന്നിവരുടെ നിയമനത്തിനുള്ള അടിസ്ഥാനം ജഡ്ജിയുടെ പ്രകടനമായിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഹൈകോടതി ജഡ്ജി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നടത്തിയ വിധിന്യായങ്ങളുടെ മൂല്യനിര്‍ണയവും നീതിന്യായ ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിന് കൈക്കൊണ്ട നടപടികളും ചീഫ് ജസ്റ്റിസ് ആയി സ്ഥാനക്കയറ്റത്തിന് മാനദണ്ഡമാക്കണം. 1999ലാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റവുമൊടുവില്‍ ഇത്തരത്തിലൊരു നടപടിക്രമ പത്രിക തയാക്കി സുപ്രീംകോടതിക്ക് സമര്‍പ്പിച്ചത്. ന്യായാധിപ നിയമന വിഷയത്തില്‍ സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാറും തമ്മില്‍ നിലനില്‍ക്കുന്ന നിയമതര്‍ക്കം മൂലം ഒരു വര്‍ഷമായി ജഡ്ജി നിയമനം മുടങ്ങിക്കിടക്കുകയാണ്.
കേന്ദ്രം സമര്‍പ്പിച്ച പ്രധാന നിര്‍ദേശങ്ങള്‍:
- ജഡ്ജിമാരുടെ നിയമനത്തിന് പ്രധാന മാനദണ്ഡം അര്‍ഹതയും സത്യസന്ധതയുമായിരിക്കണം.
- ചുരുങ്ങിയത് മൂന്ന് സുപ്രീംകോടതി ജഡ്ജിമാരെവരെ മുതിര്‍ന്ന അഭിഭാഷകരില്‍നിന്നും നിയമവിദഗ്ധരില്‍നിന്നും നിയമിക്കണം.
- സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടാനുള്ള മുഖ്യമാനദണ്ഡം ഹൈകോടതി സീനിയോറിറ്റി ആയിരിക്കണം.
- സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍െറ പിന്‍ഗാമി ആരെന്നത് സംബന്ധിച്ച് വിരമിക്കുന്നതിന് ഒരു മാസം മുമ്പെങ്കിലും കേന്ദ്ര നിയമ മന്ത്രി അദ്ദേഹത്തില്‍ നിന്നും ശിപാര്‍ശ കൈക്കൊള്ളണം. സുപ്രീംകോടതിയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ഏതെങ്കിലും ജഡ്ജി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹവുമായി/അവരുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചുവെക്കണം.
- ഹൈകോടതിക്ക് മൂന്നു മാസത്തില്‍ കൂടുതല്‍ ഒരു ആക്ടിങ് ചീഫ് ജസ്റ്റിസ് ഉണ്ടാകാന്‍ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.