Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യന്‍...

ഇന്ത്യന്‍ ഹാജിമാര്‍ക്ക് താമസസൗകര്യം; ഐ.ഡി.ബി നിര്‍ദേശം മോദി സര്‍ക്കാര്‍ തള്ളി

text_fields
bookmark_border
ഇന്ത്യന്‍ ഹാജിമാര്‍ക്ക് താമസസൗകര്യം; ഐ.ഡി.ബി നിര്‍ദേശം മോദി സര്‍ക്കാര്‍ തള്ളി
cancel

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ദീര്‍ഘകാലത്തേക്ക് താമസസൗകര്യം ഏര്‍പ്പെടുത്താമെന്ന ഇസ്ലാമിക് ഡെവലപ്മെന്‍റ് ബാങ്കിന്‍െറ വാഗ്ദാനം മോദിസര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഐ.ഡി.ബിയുടെ സഹോദര സ്ഥാപനമായ ഇസ്ലാമിക് കോര്‍പറേഷന്‍ ഫോര്‍ ദ ഡെവലപ്മെന്‍റ് മുന്നോട്ടുവെച്ച പദ്ധതിയാണ് തള്ളിയത്.

നിലവിലെ സാഹചര്യത്തില്‍ ഇസ്ലാമിക് ഡെവലപ്മെന്‍റ് ബാങ്കുമായി ഏതെങ്കിലും തരത്തിലുള്ള സഹകരണം വേണ്ടെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍, മറ്റു സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി തയാറാക്കാന്‍ ജിദ്ദയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തോട് നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് ഹാജിമാര്‍ക്ക് താമസത്തിന് ദീര്‍ഘകാല സൗകര്യമൊരുക്കാന്‍ സൗദിയിലെ നിരവധി സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് താമസ കമ്മിറ്റി ചര്‍ച്ച നടത്തി.

ഗള്‍ഫിലെ രണ്ടാമത്തെ വലിയ കമേഴ്സ്യല്‍ ബാങ്കായ നാഷനല്‍ കമേഴ്സ്യല്‍ ബാങ്ക് ഇത്തരമൊരു പദ്ധതിയില്‍ തങ്ങള്‍ക്ക് നേരിട്ട് പങ്കാളിത്തം വഹിക്കാനാവില്ളെന്ന് വ്യക്തമാക്കി. അതേസമയം, സ്വകാര്യമേഖലയിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തി ത്രികക്ഷി ധാരണക്ക് തയാറാണെന്ന് ബാങ്ക് അറിയിച്ചു. ഹറം ശരീഫില്‍നിന്ന് 1500 മീറ്റര്‍ വരെയുള്ള ഗ്രീന്‍ സോണില്‍ ദീര്‍ഘകാല താമസത്തിന് സൗകര്യമൊരുക്കാന്‍ പരിചയമുള്ളവര്‍ വളരെ ചുരുക്കമാണെന്നും മക്കയില്‍ ഭൂമിയുള്ളവരെ തന്നെ പദ്ധതിക്കായി സമീപിക്കണമെന്നും ബാങ്ക് നിര്‍ദേശിച്ചു.

മക്കയില്‍ തീര്‍ഥാടകര്‍ക്ക് താമസസൗകര്യമൊരുക്കാറുള്ള ഇസ്കാന്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്‍റ് ഗ്രൂപ്പിന്‍െറ പങ്കാളി ഇത്ഖാന്‍ ഗ്രൂപ്പുമായി ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് താമസ കമ്മിറ്റി ചര്‍ച്ച നടത്തി. മക്ക മെട്രോ സ്റ്റേഷനടുത്തും മക്കക്ക് അടുത്തുള്ള കുദായിയിലും തങ്ങള്‍ക്ക് ഭൂമിയുണ്ടെന്നും അവിടെ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ദീര്‍ഘകാലത്തേക്ക് സൗകര്യമേര്‍പ്പെടുത്താമെന്നുമുള്ള നിര്‍ദേശം ഗ്രൂപ് മുന്നോട്ടുവെച്ചു. മറ്റു ചില റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായും ചര്‍ച്ച നടത്തിയ ഇന്ത്യന്‍ സംഘം, ഇത്തരം പദ്ധതി നിര്‍ദേശങ്ങള്‍ക്കായി കണ്‍സല്‍ട്ടന്‍റിനെ നിയമിക്കാന്‍ തീരുമാനിച്ചു.  

ബി.ജെ.പി നേതാവ് സയ്യിദ് ഷാനവാസ് ഹുസൈന്‍ അധ്യക്ഷനായ കമ്മിറ്റി സൗദി അറേബ്യയില്‍ നടത്തിയ ചര്‍ച്ചകളില്‍ ഹജ്ജ് താമസ കമ്മിറ്റി അംഗങ്ങളായ ബി.ജെ.പി ഡല്‍ഹി ന്യൂനപക്ഷ മോര്‍ച്ച അധ്യക്ഷന്‍ അബ്ദുല്‍ റശീദ് അന്‍സാരി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസര്‍ ശമീം, കോണ്‍സല്‍ ജനറല്‍ ബി.എസ്. മുബാറക്, ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അതാഉര്‍റഹ്മാന്‍, സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj india
Next Story