ജയിലിൽ പോയാലും പിഴയടക്കില്ല: ശ്രീശ്രീ രവിശങ്കർ
text_fieldsന്യൂഡൽഹി: പരിസ്ഥിതി മലനീകരണം ചൂണ്ടിക്കാട്ടി യമുനാ നദീതീരത്ത് സാംസ്കാരിക പരിപാടി നടത്തുവാൻ അഞ്ച് കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കർ. തന്‍റെ ട്വിറ്ററിലൂടെയാണ് നിയമനടപടി സ്വീകരിക്കുന്ന വിവരം അറിയിച്ചത്. ട്രൈബ്യൂണൽ വിധിയിൽ തൃപ്തിയില്ല. സത്യം ജയിക്കുമെന്നും ശ്രീശ്രീ രവിശങ്കർ ട്വിറ്റ് ചെയ്തിട്ടുണ്ട്. ജയിലിൽ പോയാലും പിഴയടക്കില്ലെന്നും അദ്ദേഹം എൻ.ഡി.ടി.വിയോട് പറഞ്ഞു.
അതേസമയം, സാംസ്കാരിക പരിപാടിയിൽ നിന്ന് സിംബാബ് വേ പ്രസിഡന്‍റ് റോബർട്ട് മുഗാബെ വിട്ടുനിൽക്കുമെന്ന് അറിയിച്ചു.
അതിനിടെ, സ്വകാര്യ ആവശ്യങ്ങൾക്ക് സൈന്യത്തെ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുതിയ നയം രൂപീകരിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം നീക്കം തുടങ്ങി. ഇതിന്‍റെ ഭാഗമായി പ്രതിരോധ സെക്രട്ടറിയോട് റിപ്പോർട്ട് തയാറാക്കാൻ മന്ത്രി മനോഹർ പരീക്കർ നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. ശ്രീശ്രീ രവിശങ്കറുടെ സാംസ്കാരിക പരിപാടിക്കായി സൈന്യത്തെ ഉപയോഗിച്ച് യമുനാ നദിക്ക് കുറുകെ പാലം നിർമിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ നടപടി.
സ്വകാര്യ ആവശ്യത്തിനായി സൈന്യം താൽകാലിക പാലം നിർമിക്കുന്നത് രാജ്യത്ത് ആദ്യമായല്ല. 1997ൽ താജ് മഹലിൽ പ്രശസ്ത സംഗീതജ്ഞൻ യാനിയുടെ സംഗീതപരിപാടി സംഘടിപ്പിച്ചപ്പോൾ സൈന്യം താൽകാലിക പാലങ്ങൾ നിർമിച്ചിരുന്നു.
യമുന നദിയിൽ സൈന്യത്തെ ഉപയോഗിച്ച് ഒരു പാലം കൂടി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജല വിഭവ മന്ത്രി കപിൽ മിശ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ചു. നിലവിലെ ഒരു പാലം കൊണ്ട് സാംസ്കാരിക പരിപാടിക്ക് എത്തുന്നവരുടെ യാത്ര സുഗമമാക്കാൻ സാധിക്കില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒരു പാലത്തിലൂടെ ഒരേസമയം രണ്ട് എതിർ ദിശയിലേക്ക് ആളുകൾ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന തിരക്ക് അപകടത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.