സഹസ്ര കോടികളുടെ ബാധ്യതയുള്ള കമ്പനികള്‍ വേറെയുമുണ്ടെന്ന് റിപ്പോര്‍ട്ട്
text_fieldsമുംബൈ: വിജയ് മല്യയെപ്പോലെ രാജ്യത്തെ ബാങ്കുകള്‍ നല്‍കിയ വായ്പയില്‍ സഹസ്ര കോടികളുടെ വീഴ്ചവരുത്തിയ പത്തോളം കമ്പനികള്‍ വേറെയുമുണ്ടെന്ന് റിപ്പോര്‍ട്ട്. അനില്‍ അംബാനിയുടെ റിലയന്‍സ്, അദാനി, എസ്സാര്‍, ജി.എം.ആര്‍, ജി.വി.കെ, ജെയ്പീ, ജെ.എസ്.ഡബ്ള്യു, ലാന്‍കൊ, വേദാന്ത, വീഡിയോകോണ്‍ എന്നീ കമ്പനികളാണ് ബാങ്കുകളുമായി വന്‍ ബാധ്യതയുള്ളവര്‍.
96,031 കോടി രൂപയാണ് അദാനിയുടെ കടബാധ്യത. ജെയ്പീയുടേത് 75,163 കോടിയും ജെ.എസ്.ഡബ്ള്യുവിന് 58,171 കോടിയും ജി.എം.ആറിന് 47,976 കോടിയും ലാന്‍കൊക്ക് 47,102 കോടിയും വീഡിയോകോണിന് 45,405 കോടിയും ജി.വി.കെക്ക് 33,933 കോടിയും റിലയന്‍സ്, വേദാന്ത, എസ്സാര്‍ കമ്പനികള്‍ക്ക് 1000 കോടി വീതവുമാണ് കടബാധ്യതയെന്ന് അന്തര്‍ദേശീയ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സൂയിസിന്‍െറ ‘ഹൗസ് ഓഫ് ഡെബിറ്റ്’ റിപ്പോര്‍ട്ടില്‍ പറയുന്നു. 9091 കോടി രൂപയാണ് മല്യയുടെ കമ്പനികള്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്.
ജെ.എസ്.ഡബ്ള്യുവും വേദാന്തയും ഒഴിച്ചുള്ള കമ്പനികള്‍ നൂറുശതമാനം ഞെരുക്കമനുഭവിക്കുന്ന കമ്പനികളുടെ പട്ടികയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സഹസ്ര കോടികളുടെ ബാധ്യത വരുത്തിയ വേറെയും കമ്പനികളുണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് വിജയ് മല്യക്കെതിരെ മാത്രം ബാങ്കുകളും ഏജന്‍സികളും നടപടി കൈക്കൊള്ളുന്നതെന്ന് സ്വതന്ത്ര ധനകാര്യ സ്ഥാപനമായ ഇന്‍ഗവേണ്‍ റിസര്‍ച് സര്‍വിസസിന്‍െറ സ്ഥാപകന്‍ ശ്രീറാം സുബ്രഹ്മണ്യന്‍ ചോദിക്കുന്നു. കടംവരുത്തുന്ന കമ്പനിക്കൊപ്പം കടം നല്‍കുന്ന ബാങ്കുകളുടെ പങ്കും അന്വേഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഞെരുക്കത്തിലായ കമ്പനികള്‍ക്ക് കടം കൊടുക്കുന്നതിനു പിന്നില്‍ രാഷ്ട്രീയക്കാരും ബാങ്ക്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും കോര്‍പറേറ്റ് സ്ഥാപനങ്ങളും ചേര്‍ന്ന മാഫിയയാണെന്നും ആരോപിക്കപ്പെടുന്നു. നിയമം മറികടന്ന് സ്വകാര്യ കമ്പനിക്ക് കടപരിധി കൂട്ടിനല്‍കിയതിന് കൈക്കൂലി വാങ്ങിയതിന് 2014ല്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്‍െറ എം.ഡി അറസ്റ്റിലായ സംഭവം ശ്രീറാം സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.