കനയ്യക്കെതിരെ വീണ്ടും വധഭീഷണി; രാഹുലിനും കെജ് രിവാളിനും വിമർശം
text_fieldsന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് കനയ്യകുമാറിനും ഉമർ ഖാലിദിനും അനിർബൻ ഭട്ടാചാര്യക്കുമെതിരെ വധഭീഷണിയുമായി ഡൽഹി നഗരത്തിൽ വീണ്ടും പോസ്റ്ററുകൾ. വാട്സ് ആപിൽ പ്രത്യക്ഷപ്പെടുകയും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്യുന്ന പോസ്റ്റർ വെള്ളിയാഴ്ച ജന്തർ മന്ദർ പരിസരത്താണ് പ്രത്യക്ഷപ്പെട്ടതെന്ന് പറയുന്നു. എന്നാൽ ജന്തർ മന്ദർ പരിസരത്ത് അന്വേഷണം നടത്തിയ പൊലീസിന് ഇത്തരത്തിലുള്ള ഒരു പോസ്റ്റർ കണ്ടെത്താനായിട്ടില്ല.
"ജെ.എൻ.യുവിലെ ഈ രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുന്നത് രാജ്യധർമമാണ്. ഉമർ ഖാലിദിനെയും അനിബർ ഭട്ടാചാര്യയേയും കനയ്യയേയും ഞാൻ വെടിവെച്ചുകൊല്ലും." പോസ്റ്ററിൽ പറയുന്നു.
ബൽബീർ സിങ് ഭാരതീയ എന്നയാളുടെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അഴിമതിക്കെതിരെ അണ്ണാ ഹസാരെ നയിച്ച സമരത്തിൽ പങ്കെടുത്ത സാമൂഹ്യ പ്രവർത്തകനാണ് ഇയാളെന്നും പറയുന്നു. ഒരു വ്യക്തിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും ഫോൺ നമ്പറും പോസ്റ്ററിലുണ്ട്.
'ഭീകരവാദികളേക്കാൾ രാജ്യദ്രോഹികളിൽ നിന്നാണ് ഇന്ത്യ ഭീഷണി നേരിടുന്നത്. അത്തരം രാജ്യദ്രോഹികൾ ശിക്ഷിക്കപ്പെടണം. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ ദിനം രക്തസാക്ഷി ദിനമായി ആചരിച്ചവരെ ഞാൻ വെടിവെച്ച് കൊല്ലും" പോസ്റ്ററിൽ പറയുന്നു.
ജെ.എൻ.യു വിദ്യാർഥികളെ പിന്തുണക്കുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയേയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനേയും പോസ്റ്ററിൽ വിമർശിക്കുന്നുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഡൽഹി പൊലീസ് സൂപ്രണ്ട് ജതിൻ നർവാൾ അറിയിച്ചു. ജന്തർ മന്ദർ പരിസരത്ത് പോസ്റ്റർ കണ്ടെത്താത്തതിനാൽ ഫോൺനമ്പറിൽ വിളിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. ഇയാൾ തന്നെയാണോ പോസ്റ്റർ പതിച്ചതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നും ഇയാളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.