പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്: 17 വിദ്യാര്‍ഥികള്‍കൂടി പ്രതിപ്പട്ടികയില്‍
text_fieldsമുംബൈ: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ഓഫിസ് ആക്രമിച്ചെന്ന കേസില്‍ 18 വിദ്യാര്‍ഥികളെക്കൂടി പുണെ പൊലീസ് പ്രതിചേര്‍ത്തു. നേരത്തേ 17 പേര്‍ക്കെതിരെ കേസെടുക്കുകയും അഞ്ചുപേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇതില്‍ അറസ്റ്റിലായവര്‍ ജാമ്യം നേടുകയും മറ്റുള്ളവര്‍ മുന്‍കൂര്‍ ജാമ്യം നേടുകയുമായിരുന്നു. ഏഴു മാസത്തിനു ശേഷമാണ് 18 പേരെക്കൂടി പ്രതി ചേര്‍ക്കുന്നത്. തിങ്കളാഴ്ച പുണെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്ന് കോടതിയില്‍ ഹാജറുണ്ടാകണമെന്നും ആവശ്യപ്പെട്ട് പ്രതികളായ 35 പേര്‍ക്കും പൊലീസ് നോട്ടീസയച്ചതായി പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ അറിയിച്ചു. സംഘ്പരിവാര്‍ അനുഭാവമുള്ളവരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സമരം നടക്കുന്നതിനിടെ ആഗസ്റ്റ് 17നാണ് വിദ്യാര്‍ഥികള്‍ ഡയറക്ടറെ ഓഫിസില്‍ കയറി വളഞ്ഞത്.
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 2008ലെ ബാച്ചുകാരെ പുറത്താക്കാനുള്ള നീക്കത്തിനെതിരെ ഡയറക്ടറുമായി ചര്‍ച്ചചെയ്യുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ വിഡിയോ തെളിവടക്കം കോടതിയില്‍ പറഞ്ഞിരുന്നു. അറസ്റ്റിലായവരുടെ ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെയാണ് വിദ്യാര്‍ഥികള്‍ വിഡിയോ കോടതിക്കു നല്‍കിയത്. എന്നാല്‍, തന്‍െറ ജോലിയില്‍ തടസ്സം സൃഷ്ടിച്ചെന്നും ഓഫിസ് വസ്തുക്കള്‍ തകര്‍ത്തെന്നുമായിരുന്നു ഡയറക്ടറുടെ പരാതി.
പരാതി നല്‍കിയ രാത്രിയില്‍തന്നെ പൊലീസ് കാമ്പസില്‍ കടന്ന് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത് വിവാദമായതാണ്.
വിദ്യാര്‍ഥികളോട് പകപോക്കുകയാണ് കേന്ദ്രത്തിന്‍െറയും ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയുടെയും നീക്കമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. 2008ലേതടക്കമുള്ള വിദ്യാര്‍ഥികളുടെ പഠന കാലാവധി നിശ്ചയിക്കുകയും മറുഭാഗത്ത് കേസ് നടപടികള്‍ തുടങ്ങുകയും ചെയ്യുന്നത് പീഡിപ്പിക്കാനാണെന്ന് അവര്‍ പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ടാലും പുണെ വിടാന്‍ കഴിയാത്ത അവസ്ഥയാണിപ്പോഴെന്ന് കേസില്‍ കോടതി ജാമ്യവും മുന്‍കൂര്‍ ജാമ്യവും നല്‍കിയവര്‍ പറയുന്നു.
കേസ് തീര്‍പ്പാകുംവരെ പുണെ വിടരുതെന്നതാണ് ജാമ്യവ്യവസ്ഥയില്‍ ഒന്ന്. ജനുവരി ഏഴിന് നടന്ന ഭരണസമിതിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാനും 2008ലെ ബാച്ചുകാര്‍ക്ക് സമയം അനുവദിക്കാനും അധ്യാപകരും മറ്റും ആവശ്യപ്പെട്ടെങ്കിലും പുതിയ അധ്യക്ഷന്‍ ഗജേന്ദ്ര ചൗഹാന്‍ ഗൗരവമുള്ള വിഷയമല്ളെന്ന് പറഞ്ഞ് തള്ളുകയാണ് ചെയ്തതെന്ന് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പറഞ്ഞു. ജെ.എന്‍.യുവിലേതു പോലെ എതിര്‍ക്കുന്നവരെ കുറ്റവാളികളായി മുദ്രകുത്തുന്ന സര്‍ക്കാര്‍ നയമാണ് പുണെയിലും പ്രകടമാകുന്നതെന്ന് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.