ദലിത് യുവാവിന്‍റെ കൊല; പെണ്‍കുട്ടിയുടെ പിതാവ് കീഴടങ്ങി, രണ്ട് പേർ കസ്റ്റഡിയിൽ
text_fieldsചെന്നൈ: ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ചതിന് ദലിത് യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് കീഴടങ്ങി.
ആക്രമണത്തിനു പിന്നില്‍ തന്‍റെ കുടുംബാംഗങ്ങള്‍ ആണെന്നും തങ്ങള്‍ക്കു നേരെ നേരത്തെ തന്നെ ഇവര്‍ ഭീഷണിയുയര്‍ത്തിയിരുന്നുവെന്നും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്.
പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ സമ്മതിക്കില്ലെന്ന് ശങ്കറിൻെറ കുടുംബം വ്യക്തമാക്കി. പത്ത് ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരവും കൗസല്യക്ക് സർക്കാർ ജോലിയും ആവശ്യപ്പെട്ട് ശങ്കറിൻെറ ബന്ധുക്കൾ ഉദുമൽപേട്ടക്കടുത്ത കൊമാരലിംഗത്തെ റോഡ് ഉപരോധിച്ചു. കൊലപാതകത്തെ തുടർന്ന് സ്ഥലത്ത് സംഘർഷം ഉടലെടുത്തിട്ടുണ്ട്. മൃതദേഹം സൂക്ഷിച്ച കോയമ്പത്തൂർ മെഡിക്കൽ കൊളെജ് ആശുപത്രി പരിസരം കനത്ത സുരക്ഷയിലാണുള്ളത്.
തമിഴ്നാട് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് സംഭവം. ഡി.എം.കെ നേതാക്കള്‍ എ.ഐ.ഡി.എം.കെ സര്‍ക്കാറിനെതിരെ രംഗത്തത്തെി. തമിഴ്നാട്ടിലാണ് ഇത് സംഭവിച്ചതെന്നും ജയലളിതയുടെ പൊലീസ് നിസ്സംഗതയോടെ പ്രവര്‍ത്തിക്കുന്നുവെന്നും ഡി.എം.കെ നേതാക്കള്‍ കുറ്റപ്പെടുത്തി. ആ പരിസരത്തു തന്നെ പൊലീസുകാര്‍ ഉണ്ടായിരുന്നിരിക്കണം. ആളുകള്‍ നോക്കി നിന്നതല്ലാതെ ഒരാള്‍പോലും തടയാന്‍ ചെന്നില്ല. വിഡിയോ ഫൂട്ടേജില്‍ പ്രതികളെ കാണാം. എന്നിട്ടും എന്തു കൊണ്ടാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്യാത്തതന്നും ഉടന്‍ പ്രതികളെ പിടികൂടണമെന്നും ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ ആവശ്യപ്പെട്ടു.
തമിഴ്നാട് തിരുപ്പൂർ ഉദുമല്‍പേട്ടില്‍ ഞായറാഴ്ച ഉച്ചക്കായിരുന്നു ക്രൂര സംഭവം. കുമാരമംഗലം സ്വദേശി വേലുസ്വാമിയുടെ മകനും എൻജിനീയറിങ് വിദ്യാർഥിയുമായ ശങ്കറാണ് (22) കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഭാര്യ കൗസല്യ(19 )ക്കും തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കൗസല്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദുമല്‍പേട്ടില്‍ ബസ് സ്റ്റാൻഡിനു മുമ്പിലാണ് സംഭവം. വീട്ടു സാധനങ്ങൾ വാങ്ങി റോഡു മുറിച്ചുകടക്കാൻ കാത്തു നിന്ന ഇരുവരെയും ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. യുവാവിനെ വെട്ടിവീഴ്ത്തിയ ശേഷം പെൺകുട്ടിയേയും ആക്രമിച്ചു. പെൺകുട്ടി നിലത്തുവീണ ശേഷം അക്രമികൾ രക്ഷപെടുകയായിരുന്നു.
പഴനിയിലെ എൻജിനീയറിങ് കോളജില്‍ പഠിക്കവെയാണ് ഇരുവരും പ്രണയത്തില്‍ ആയത്. കൗസല്യയുടെ വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് എട്ട് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. തന്‍റെ ഇഷ്ടപ്രകാരം ആണ് ഇയാളെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചപ്പോള്‍ തന്നെ ഇരുവരെയും അകറ്റാന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചിരുന്നു. വിവാഹശേഷം ശങ്കറിൻറ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. രണ്ടാഴ്ച മുൻപ് കൗസല്യയുടെ വീട്ടുകാർ ശങ്കറിൻറ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെങ്കിലും തിരികെ പോകാൻ പെൺകുട്ടി കൂട്ടാക്കിയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.