ഉമറിനും അനിര്‍ബനും മോചനം തേടി ആയിരങ്ങളുടെ റാലി
text_fieldsന്യൂഡല്‍ഹി: ദേശദ്രോഹ നിയമം റദ്ദു ചെയ്യണമെന്നും തടവില്‍ കഴിയുന്ന സഹപാഠികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍െറ നേതൃത്വത്തില്‍ ആയിരങ്ങളണിനിരന്ന ഉജ്ജ്വല റാലി. ‘ജനാധിപത്യ സംരക്ഷണത്തിന്’ എന്ന പ്രമേയത്തില്‍ മണ്ഡിഹൗസില്‍ നിന്ന് പാര്‍ലമെന്‍റ് സ്ട്രീറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വിവിധ വിദ്യാര്‍ഥി യുവജന സംഘടനാ പ്രവര്‍ത്തകര്‍ക്കു പുറമെ അരുന്ധതി റോയ് ഉള്‍പ്പെടെ പൗരാവകാശ പ്രവര്‍ത്തകരും പങ്കെടുത്തു. ജയില്‍മോചിതനായ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറാണ് മാര്‍ച്ചിനു നേതൃത്വം നല്‍കിയത്. പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതിനിടെ നാലു തവണ പ്രസംഗം തടസ്സപ്പെടുത്താനും കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. പ്രധാനമന്ത്രിക്കും മാനവശേഷി വികസന മന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശങ്ങളുന്നയിച്ച് സംസാരിച്ച കനയ്യ ഈ പോരാട്ടം തന്‍െറയോ ഉമറിന്‍െറയോ മോചനത്തിനുവേണ്ടിയല്ളെന്നും രാജ്യത്തെ മൊത്തം വിദ്യാര്‍ഥി സമൂഹത്തിന്‍െറയും നിലനില്‍പ്പിനു വേണ്ടിയാണെന്നും വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ തന്‍െറ മക്കളാണ് എന്നു പറയുന്ന മന്ത്രി സ്മൃതി രോഹിതിന്‍െറയോ എന്‍െറയോ അമ്മമാരോടു സംസാരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. അവരുടെ കുട്ടിയായി അറിയപ്പെടാന്‍ താല്‍പര്യവുമില്ല. മന്ത്രിയുടെ രാജിയാണാവശ്യം. നികുതിദായകരുടെ പണമാണ് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കുവേണ്ടി ചെലവഴിക്കുന്നതെന്ന് പറയുന്നുണ്ട് ചിലര്‍. എന്നാല്‍, നികുതിദായകരുടെ പണവുമായി വിജയ് മല്യ ലണ്ടനിലേക്ക് മുങ്ങിയിട്ട് സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചത്? ചായവില്‍പനക്കാരന്‍െറ മകനാണെന്നു പറയുന്ന മോദി സ്വീകരിക്കുന്നത് മുഴുവന്‍ പാവങ്ങള്‍ക്ക് എതിരായ നയങ്ങളാണ്. ഞങ്ങള്‍ ദേശവിരുദ്ധരല്ല, ആര്‍.എസ്.എസ് വിരുദ്ധരാണ്. സൈന്യത്തിന്‍െറ പേരില്‍ രാഷ്ട്രീയം കളിക്കില്ല ഞങ്ങള്‍, രാജ്യത്ത് കൂടുതല്‍ വിദ്വേഷം പടരുമെന്നല്ലാതെ ട്രൗസറില്‍ നിന്ന് പാന്‍റിലേക്ക് മാറുന്നതു കൊണ്ട് യാതൊരു ഗുണവുമില്ല, പാവങ്ങളെയും ആദിവാസികളെയും കൊന്നൊടുക്കുകയും കുടിയിറക്കുകയും ചെയ്യുന്നവരാണ് ദേശഭക്തര്‍ ചമയുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.
ഒരു വിപ്ളവാത്മക രാഷ്ട്രീയമാണ് നടക്കുന്നത്. പ്രകൃതിയെ സ്നേഹിക്കുന്നവരെ ദേശവിരുദ്ധരെന്നു മുദ്ര കുത്തി ദേശഭക്തരെന്ന് സ്വയം അവകാശപ്പെടുന്നവരാണ് എല്ലാം നശിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ, സി.പി.ഐ.എം.എല്‍ നേതാവ് കവിത കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.