കൊപ്ര സംഭരിക്കാമെന്ന് നാഫെഡ്; കടമ്പ ബാക്കി
text_fields
ന്യൂഡല്‍ഹി: വിലത്തകര്‍ച്ച മുന്‍നിര്‍ത്തി കുറഞ്ഞ താങ്ങുവിലയ്ക്ക് കൊപ്ര സംഭരിക്കാമെന്ന് കേരള സര്‍ക്കാറിന് നാഫെഡിന്‍െറ വാഗ്ദാനം. എന്നാല്‍, നാഫെഡിന്‍െറ കൊപ്ര സംഭരണം പാളിയ മുന്‍കാല അനുഭവങ്ങള്‍ക്കു മുന്നില്‍ ഈ വാഗ്ദാനം നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമാകില്ല. മുന്നോട്ടുവെച്ച ഉപാധികള്‍ തെരഞ്ഞെടുപ്പു കാലത്ത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിച്ചെന്നും വരില്ല.
ഏതൊരു കാര്‍ഷികോല്‍പന്നത്തിന്‍െറയും വിപണി വില, കേന്ദ്രം പ്രഖ്യാപിച്ച മിനിമം താങ്ങുവിലയില്‍ താഴെ പോയാല്‍ കേന്ദ്ര സംഭരണ ഏജന്‍സി വിപണിയില്‍ ഇടപെടണമെന്നാണ് ചട്ടം. അതനുസരിച്ചുള്ള സാങ്കേതിക വാഗ്ദാനം മാത്രമാണ് നാഫെഡ് ഇപ്പോള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ഏജന്‍സികളും ഒത്തുപിടിച്ചാല്‍ മാത്രമാണ് കടലാസിലെ വാഗ്ദാനം നടപ്പില്‍ വരുക. പ്രധാന നാളികേര ഉല്‍പാദന സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്നു എന്നതാണ് നാഫെഡ് വാഗ്ദാനത്തിന്‍െറ രാഷ്ട്രീയം.
കൊപ്രയുടെ വിപണി വില ക്വിന്‍റലിന് 5300 രൂപയായി കുറഞ്ഞ സാഹചര്യത്തിലാണ് നാഫെഡ് വാഗ്ദാനം. കഴിഞ്ഞ മാസം മൂന്നിനാണ് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി ക്വിന്‍റലിന്മേല്‍ 400 രൂപ കണ്ട് വര്‍ധിപ്പിച്ച് മിനിമം താങ്ങുവില പുതുക്കി നിശ്ചയിച്ചത്. ഇതോടെ മില്‍ കൊപ്ര ചുരുങ്ങിയത് 5,950 ഉം ഉണ്ട കൊപ്ര 6,250 ഉം രൂപ നല്‍കിയാണ് സംഭരിക്കേണ്ടത്. വിപണി വില, മിനിമം താങ്ങുവിലയെക്കാള്‍ താഴെ പോയിട്ടും നാഫെഡ് ഇനിയും സംഭരണം തുടങ്ങിയിട്ടില്ല എന്നതാണ് യഥാര്‍ഥത്തില്‍ വാഗ്ദാനത്തിന്‍െറ മറുപുറം.
2012ലാണ് ഇതിനു മുമ്പ് നാഫെഡ് വിപണിയില്‍ ഇറങ്ങിയത്. മുമ്പ് കൊപ്ര സംഭരിച്ചതിന്‍െറ കുടിശ്ശിക കൊടുത്തുതീര്‍ക്കുന്ന മുറക്കാണ് വീണ്ടും വിപണിയില്‍ ഇടപെടല്‍ ഉണ്ടാവുക.
സംഭരണത്തിനായി അടിസ്ഥാന, അനുബന്ധ സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കണം. ഇതിനു ശേഷമാണ് നാഫെഡിന്‍െറ അന്തിമ തീരുമാനം ഉണ്ടാവുക. കേരഫെഡ്, സംസ്ഥാന സഹകരണ വിപണന ഫെഡറേഷന്‍, നാളികേര വികസന ബോര്‍ഡിനു കീഴിലെ ഉല്‍പാദക സംഘങ്ങള്‍ എന്നിവ വഴിയാണ് കേരളത്തില്‍ സംഭരണം നടത്തേണ്ടത്.
വില ഇനി ഉയരുമെന്ന് നാളികേര ബോര്‍ഡ്
ന്യൂഡല്‍ഹി: വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ അടുത്തുവരുന്നതിനാല്‍ ഇനിയങ്ങോട്ടുള്ള ദിവസങ്ങളില്‍ വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വിലയില്‍ സ്വാഭാവിക ഉണര്‍വ് പ്രതീക്ഷിക്കുന്നതായി നാളികേര വികസന ബോര്‍ഡ്. ഇപ്പോഴത്തെ കമ്പോള വിലയ്ക്ക് നാളികേരം വിറ്റഴിക്കാന്‍ തിടുക്കം കൂട്ടരുത്. കരിക്കിന്‍െറ വര്‍ധിച്ച ഉപയോഗവും, നാളികേര ഉല്‍പാദനത്തില്‍ ഈ വര്‍ഷം ഉണ്ടാകുന്ന കുറവും നിമിത്തം വിപണിയിലേക്ക് നാളികേരത്തിന്‍െറ വരവു കുറയുമെന്ന് കരുതുന്നതായി ബോര്‍ഡിന്‍െറ പബ്ളിസിറ്റി ഓഫിസര്‍ അറിയിച്ചു. താങ്ങുവില സംഭരണം ആരംഭിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണ്. ദേശീയ ഏജന്‍സികളായ നാഫെഡിനെയും എന്‍.സി.സി.എഫിനെയും നിയോഗിച്ചു. സംസ്ഥാനതല ഏജന്‍സികളെയും പ്രാദേശിക ഏജന്‍സികളെയും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിച്ചാല്‍ സംഭരണം തുടങ്ങാം. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ നാളികേരം കിലോഗ്രാമിന് 16 രൂപയില്‍ താഴ്ത്തി വില്‍ക്കരുത്. മില്ലിങ് കൊപ്രയുടെ താങ്ങുവിലയ്ക്ക് ആനുപാതികമായി, തൊണ്ടുനീക്കിയ വെള്ളത്തോടുകൂടിയ പച്ചത്തേങ്ങയുടെ വില കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഈ ആനുപാതിക വില ക്വിന്‍റലിന് 1600 രൂപയില്‍ കുറയാന്‍ ഇടയില്ളെന്നും ബോര്‍ഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.