രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കുന്നു
text_fieldsന്യൂഡല്‍ഹി: ബ്രിട്ടീഷ് കാലത്തെ കരിനിയമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യദ്രോഹക്കുറ്റ നിയമം പുനഃപരിശോധിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു രാജ്യസഭയെ അറിയിച്ചു. രാജ്യത്ത് രാജ്യദ്രോഹക്കുറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ ചുമത്തുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് മൂന്നാം സ്ഥാനമുണ്ടെന്നും ആഭ്യന്തര സഹമന്ത്രി ഉപരിസഭയില്‍ പറഞ്ഞു. 2014ല്‍ 16 രാജ്യദ്രോഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ബിഹാറിന് പിറകെ ഝാര്‍ഖണ്ഡ് രണ്ടാം സ്ഥാനത്തുണ്ട്. നിലവില്‍ കേന്ദ്ര നിയമ കമീഷന്‍െറ പരിഗണനയിലുള്ള വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിയമ കമീഷന്‍ നടപടി പൂര്‍ത്തിയാക്കുന്ന മുറക്ക് സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കുമെന്നും രാജ്യത്തിന്‍െറ ആശങ്ക ദൂരീകരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം പലപ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി പരാതികളുണ്ടെന്ന് മന്ത്രി പറഞ്ഞു. രാജ്യദ്രോഹക്കുറ്റ നിയമത്തിന്‍െറ വകുപ്പുകളുടെ വ്യാപ്തി വളരെ കൂടുതലാണ്. സര്‍ക്കാര്‍ ഉണ്ടാക്കിയ ഒരു നിയമത്തിനെതിരെ സംസാരിക്കുന്ന ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയുന്നതാണ് നിലവില്‍ വ്യവസ്ഥകള്‍. അതുകൊണ്ടുതന്നെ അഭിപ്രായ സ്വാതന്ത്ര്യം വകവെച്ചുതരുന്ന ഭരണഘടനയുടെ 19(ഒന്ന്) (എ)യുടെ ലംഘനം ഇത്തരം കേസുകളില്‍ സംഭവിക്കുന്നുണ്ട്. രാജ്യദ്രോഹക്കുറ്റ നിയമം നിയമവിരുദ്ധമാണെന്ന് 1997ല്‍തന്നെ നിയമ കമീഷന്‍ ചുണ്ടിക്കാട്ടിയതാണെന്ന് മന്ത്രി തുടര്‍ന്നു. ഇത് റദ്ദാക്കണമെന്ന് പക്ഷേ, കമീഷന്‍ ശിപാര്‍ശ ചെയ്തില്ല.
2006ല്‍ നിയമകമീഷന്‍െറ 156ാം റിപ്പോര്‍ട്ടിലും രാജ്യദ്രോഹം എന്ന വാക്കുമാറ്റാന്‍ ആവശ്യപ്പെട്ടുവെങ്കിലും റദ്ദാക്കാന്‍ പറഞ്ഞില്ല. എന്നാല്‍, രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ സമഗ്ര മാറ്റങ്ങള്‍ കൊണ്ടുവരുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും നിര്‍ദേശങ്ങളും വ്യാപകമായി വന്നിട്ടുണ്ട്. ഇത്തരം അവലോകനങ്ങളിലും വിവാദ നിയമം വരുന്നുണ്ട്.
അതേസമയം സീതാറാം യെച്ചൂരി, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ തങ്ങള്‍ കക്ഷിയല്ളെന്ന് റിജ്ജു പ്രതിപക്ഷ വിമര്‍ശത്തിന് മറുപടിയായി പറഞ്ഞു. ജെ.എന്‍.യു കേസും കോടതിയുടെ പരിഗണനയിലാണ്. പിന്നെങ്ങനെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കൈക്കൊണ്ട നടപടികളുടെ പേരില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നതെന്ന് റിജ്ജു ചോദിച്ചു.
വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും രാജ്യദ്രോഹക്കുറ്റ നിയമത്തിന്‍െറ പരിധിയില്‍ പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടപ്പോള്‍ ഇടപെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് തങ്ങള്‍ 100 ശതമാനം ഇതിന് അനുകൂലമാണെന്ന് മറുപടി നല്‍കി. വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും രാജ്നാഥ് പറഞ്ഞു. കരി നിയമം എടുത്തുകളയണമെന്ന് ജനതാദള്‍-യു നേതാവ് ശരദ് യാദവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.