ക്ഷേത്രോത്സവത്തിന് മുസ്ലിം ഐ.എ.എസ് ഒാഫീസർ; പ്രതിഷേധവുമായി വി.എച്ച്.പിയും ബജ്റംഗ്ദളും
text_fieldsബംഗളൂരു: മുസ് ലിം ഡെപ്യൂട്ടി കമ്മീഷണർ ക്ഷേത്രോത്സവത്തിന് പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി വി.എച്ച്.പിയും ബജ്റംഗ്ദളും രംഗത്ത്. ശ്രീ മഹാലിംഗേശ്വര ക്ഷേത്രോൽസവത്തിന്‍റെ ചടങ്ങിലേക്ക് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീഷണർ എ.ബി ഇബ്രാഹിമിനെ ക്ഷണിച്ചതാണ് വിവാദമായത്. സംസ്ഥാന സര്‍ക്കാര്‍ ഡി.സിക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. അഹിന്ദുവായ ഡി.സിയുടെ പേര് ക്ഷേത്രോത്സവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പുത്തൂര്‍ എം.എല്‍,എ ശകുന്തള ഷെട്ടി ചൊവ്വാഴ്ച പ്രസ്താവനയിറക്കിയതോടെയാണ് പ്രശ്നം വിവാദമായത്. ക്ഷേത്ര ഭാരവാഹികളുടെ നടപടി ഹിന്ദുധര്‍മ്മ പരിപാലന നിയമത്തിന് എതിരാണെന്ന് അഭിഭാഷകയായ എം.എല്‍.എ പറഞ്ഞു. ഇബ്രാഹിം ഒഴിവാക്കി ഡെപ്യൂട്ടി കമ്മീഷണര്‍ എന്ന് മാത്രം ചേര്‍ത്തിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു.ഡി.സിയുടെ പേരില്ലാത്ത പുതിയ നോട്ടീസും പോസ്റ്ററും അച്ചടിക്കണം. ഇതിന് ക്ഷേത്ര കമ്മിറ്റിക്ക് ഫണ്ടില്ലെങ്കില്‍ ചെലവ് താന്‍ വഹിക്കും-ഇതായിരുന്നു എം.എല്‍.എ പറഞ്ഞത്.
ശകുന്തളയുടെ ചുവടുപിടിച്ച് സംഘ്പരിവാര്‍ സംഘടനാ നേതാക്കളും പ്രസ്താവനയുമായി രംഗത്തെത്തി.ഈ സംഘടനകളുടെ നേത്യത്വത്തില്‍ ക്ഷേത്ര
കോംപ്ലക്സില്‍ വിശ്വാസികളുടെ യോഗവും വിളിച്ചു. അതിനിടെ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.ഡി.സി.ഇബ്രാഹിം നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നും നിയമ-പാര്‍ലിമെന്‍ററി കാര്യ മന്ത്രി ടി.ബി.ജയചന്ദ്ര ബംഗളൂരുവില്‍ വ്യക്തമാക്കി. ജില്ലാ ഭരണാധികാരിയാണ് ഡി.സി. ജില്ലയിലെ ക്ഷേത്രഭരണ സംവിധാനങ്ങളുടെ മേധാവിയും കൂടിയാണ് ഡി.സി. ആ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന്‍റെ ജാതിയും മതവും പരിഗണനാ വിഷയമേ അല്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രതികരണമറിഞ്ഞതോടെ എം.എല്‍.എ തന്‍റെ നിലപാടില്‍ അയവ് വരുത്തി. കോടതി തീരുമാനിക്കട്ടെ എന്നാണ് അവര്‍ വ്യാഴാഴ്ച പറഞ്ഞത്. എന്നാല്‍ സംഘ് പരിവാര്‍ നിലപാട് കനപ്പിച്ചു. ഇന്ന് വൈകുന്നേരം പുത്തൂര്‍ ടൌണില്‍ പ്രതിഷേധ റാലി നടത്തും. ഡി.സിയുടെ പേര് മാറ്റിയില്ലെങ്കില്‍ 19ന് റോഡ് ഉപരോധിക്കുമെന്ന് സംഘ്പരിവാര്‍ സംഘടനകളുടെ നേതാവ് അരുണ്‍കുമാര്‍ പുട്ടില പറഞ്ഞു.
അതേസമയം ഉത്സവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചേര്‍ന്ന ക്ഷേത്ര കമ്മിറ്റി യോഗം ഡി.സിയുടെ പേര് മാറ്റ വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് എക്സിക്യുട്ടീവ്
ഓഫീസര്‍ ജഗദീശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.