ഓണ്‍ലൈന്‍ പെണ്‍വാണിഭം; പ്രതികളുടെ ജാമ്യഹരജി ഹൈകോടതി തള്ളി
text_fieldsഓണ്‍ലൈന്‍ പെണ്‍വാണിഭം; പ്രതികളുടെ ജാമ്യഹരജി ഹൈകോടതി തള്ളി
കൊച്ചി: ബഹ്റൈനിലെ വേശ്യാലയത്തിലേക്ക് സ്ത്രീകളെ കയറ്റിയയച്ചതുമായി ബന്ധപ്പെട്ട കേസിലെ രണ്ട് പ്രതികളുടെ ജാമ്യഹരജി ഹൈകോടതി തള്ളി. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആറും ഏഴും പ്രതികളായ അബ്ദുല്‍ നാസര്‍, ഷാജിദ എന്നിവരുടെ ജാമ്യഹരജികളാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ തള്ളിയത്. ചുംബനസമര നായകനുള്‍പ്പെടെ പിടിയിലായ ഓണ്‍ലൈന്‍ പെണ്‍വാണിഭ അന്വേഷണത്തിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ജനുവരി 13നും 16നുമായാണ് ഇരുവരും പിടിയിലായത്.
ജോലി വാഗ്ദാനംചെയ്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഗര്‍ഫിലേക്ക് കടത്തല്‍, പെണ്‍വാണിഭക്കാരുമായി ഗൂഢാലോചന നടത്തി പെണ്‍കുട്ടികളെ കൈമാറല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ആരോപിച്ചത്. കൂടുതല്‍ പേരെ കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഇരുവരും പിടിയിലായത്. തങ്ങള്‍ക്ക് കുറ്റകൃത്യവുമായി ബന്ധമില്ലെന്നും അനാവശ്യമായി പ്രതിചേര്‍ത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യഹരജി നല്‍കിയത്.
എന്നാല്‍, ദരിദ്രരായ പെണ്‍കുട്ടികള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പെണ്‍വാണിഭത്തിനായി ഗൂഢാലോചന നടത്തി വിദേശത്തേക്ക് കടത്തി വിടുകയാണ് പ്രതികള്‍ ചെയ്തുവന്നതെന്ന് സര്‍ക്കാറിനുവേണ്ടി അഡീ. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.ഐ. അബ്ദുല്‍ റഷീദ് ഹൈകോടതിയെ അറിയിച്ചു.
ഈ സംഘത്തിന്‍െറ വലയില്‍ കുടുങ്ങി വിദേശത്തെത്തിയ ഇരകളെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. ഈ സാഹചര്യത്തില്‍ ഹരജിക്കാര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ഇവരുടെ വലയില്‍ കുരുങ്ങിയവരെ സുരക്ഷിതമായി എത്തിക്കാനുള്ള നടപടികള്‍ക്ക് തിരിച്ചടിയാവും. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ഇത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും എ.ഡി.ജി.പി ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ച കോടതി പ്രതികള്‍ക്ക് കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് പ്രഥമദൃഷ്ട്യാ കരുതാവുന്നതാണെന്ന് വിലയിരുത്തി. ജീവപര്യന്തം കഠിനതടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ 60 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കിയെന്ന കാരണത്താല്‍ ജാമ്യത്തില്‍ വിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.