‘ഞങ്ങള്‍ ഭാഗ്യവാന്മാരാണ്; ഏറ്റുമുട്ടല്‍ക്കൊലയില്‍ കൊല്ലപ്പെട്ടില്ല’
text_fieldsജെ.എന്‍.യു കാമ്പസില്‍ നല്‍കിയ സ്വീകരണത്തില്‍ ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗത്തിന്‍െറ സംഗ്രഹം:
‘ജയിലിലടക്കപ്പെട്ടതില്‍ ഖേദമില്ല. രാജ്യംകണ്ട മഹാന്മാരായ സ്വാതന്ത്ര്യസമര പോരാളികള്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റമാണ് ഞങ്ങള്‍ക്കെതിരെയും ചുമത്തിയത്. സര്‍ക്കാറിനെതിരെ സംസാരിച്ച എഴുത്തുകാരി അരുന്ധതിറോയിക്കും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക് സെന്നിനുമെതിരെ ചുമത്തിയ അതേ രാജ്യദ്രോഹക്കുറ്റമാണ് ഞങ്ങള്‍ക്കെതിരിരെ ചുമത്തിയത്. മഹാന്മാരുടെ നിരയില്‍ ഞങ്ങളുടെ പേരുകള്‍ ചേര്‍ത്തതില്‍ അഭിമാനമുണ്ട്.
അധികാരത്തിലിരിക്കുന്നവരാണ് കുറ്റക്കാര്‍, അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരാണ് ജയിലില്‍ കഴിയുന്നത്. 1860ലെ നിയമമാണ് അവര്‍ ഉപയോഗിച്ചത്. നമ്മളെ തീവ്രവാദികളാക്കാന്‍ ദേശീയവാദികളായ ഇവര്‍ക്ക് ബ്രിട്ടീഷ് നിയമം ഉപയോഗിക്കേണ്ടിവന്നു. കറുത്ത ബ്രിട്ടീഷുകാര്‍ ജനങ്ങളെ അടിച്ചമര്‍ത്തുമെന്ന് ഭഗത് സിങ് പറഞ്ഞത് ഇതുതന്നെയാണ്. തീവ്രവാദികളായി ചിത്രീകരിച്ചും വേട്ടയാടിയും നമ്മളെ, നമ്മുടെ ഐക്യത്തെ തകര്‍ക്കാമെന്ന് അവര്‍ കണക്കുകൂട്ടി. അവര്‍ വ്യാമോഹത്തിലാണ്.
ഞാനൊരിക്കലും ഇസ്ലാമികജീവിതം നയിച്ചിട്ടില്ല. എന്നിട്ടും ഞാന്‍ ഇസ്ലാമിക തീവ്രവാദി എന്ന് വിളിക്കപ്പെട്ടു. എനിക്കെതിരായ വിചാരണയായിരുന്നില്ല നടന്നത്. മൊത്തം മുസ്ലിം സമുദായത്തിനെതിരായുള്ള വിചാരണയായിരുന്നു അത്. ആ ഘട്ടത്തില്‍ മുസ്ലിമല്ളെന്ന് പറഞ്ഞ് പൊലീസ് നടപടികളെ പ്രതിരോധിക്കാന്‍ ഞാന്‍ ആലോചിച്ചു. പക്ഷേ, പിന്നീട് തോന്നി ഞാന്‍ മുസ്ലിമായിരുന്നെങ്കിലോ? അഅ്സംഖഢിലെ, മതപഠനം നടത്തി തൊപ്പിവെച്ച ഒരാളായിരുന്നെങ്കിലോ? എങ്കിലും, നിങ്ങള്‍ക്കെന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുമായിരുന്നില്ല.
ഒരര്‍ഥത്തില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. ഒരു ഏറ്റുമുട്ടല്‍ക്കൊലയില്‍ ഞങ്ങള്‍ കൊല്ലപ്പെട്ടില്ല. ഞങ്ങളുടെ വീടുകള്‍ ചുട്ടെരിക്കപ്പെട്ടില്ല. സാധാരണഗതിയില്‍ എതിര്‍ശബ്ദമുയര്‍ത്തുന്നവരുടെ ഗതി അതാണ്. അഭിപ്രായസ്വാതന്ത്ര്യം അപകടത്തിലാണെന്ന് പറയുന്നു. എനിക്കങ്ങനെ തോന്നുന്നില്ല. അധികാരമുള്ളവര്‍ക്കെല്ലാം ആ സ്വാതന്ത്ര്യമുണ്ട്. തൊഗാഡിയക്കും യോഗി ആദിത്യാനന്ദിനും ആ സ്വാതന്ത്ര്യമുണ്ട്. നീതിയില്ലാതെ സമാധാനം അസാധ്യമാണ്. ആര്‍.എസ്.എസ് എവിടെയുണ്ടോ അവിടെ നീതിയും അസാധ്യമാണ്.
നികുതിദായകന്‍െറ പണം പാഴാകുന്നതില്‍ ആശങ്കയുയര്‍ത്തിയ ചിലരുണ്ട്. അവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത്, ജയിലില്‍നിന്നിറങ്ങിയ ഞങ്ങള്‍ ഇനി ക്ളാസിലേക്കില്ല എന്നാണ്. ഞങ്ങളെ ജയിലിലടച്ചതുവഴി പഠനത്തേക്കാള്‍ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ ഞങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിച്ചിരിക്കുന്നു. ആ ഉത്തരവാദിത്തങ്ങള്‍ ഞങ്ങള്‍ സമരംചെയ്ത് നിറവേറ്റുകതന്നെ ചെയ്യും’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.