ആ പൊലീസുകാരൻ കുടിച്ച് പൂസായതല്ല
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ വെച്ച് ബ്രയിന്‍ സ്‌ട്രോക്കിനെ തുടര്‍ന്നുണ്ടായ ശാരീരികമായ തളര്‍ച്ച സലിം എന്ന മലയാളി പൊലീസുകാരൻെറ ജീവിതം മാറ്റിമറിക്കുകയായിരുന്നു. കുടിച്ചു പൂസായി സഞ്ചരിക്കുന്ന പൊലീസുകാരന്റെ വീഡിയോ എന്ന രീതിയിലാണ് വിഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായത്. തുടർന്ന് സലിമിനെ ജോലിയിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇതിനെത്തുടർന്ന് ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മാറാ രോഗിയായി മാറി. പിന്നീട് പൊലീസ് വകുപ്പുതല അന്വേഷണത്തില്‍ സലിം നിരപരാധിയാണെന്ന് തെളിയുകയും 2015 നവംബര്‍ അഞ്ചിന് ജോലിയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു. സസ്‌പെന്‍ഷന്‍ കാലാവധി ജോലി ചെയ്തതായി കണക്കാക്കുമെന്നും അറിയിച്ചിരുന്നു.
ഡല്‍ഹി മെട്രോയിലെ മദ്യപാനിയായ പൊലീസുകാരനെന്ന നിലയില്‍ വന്‍ പ്രാധാന്യത്തില്‍ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ സലീമിനെ തിരിച്ചെടുത്തപ്പോള്‍ ഒരു വാര്‍ത്ത പോലും നല്‍കാന്‍ തയ്യാറായില്ലെന്ന് അഭിഭാഷകന്‍ വില്‍സ് മാത്യൂസ് ആരോപിക്കുന്നു. പൊതുസമൂഹത്തിന് മുന്നില്‍ സലീം ഇപ്പോഴും യൂണിഫോമിട്ട് മദ്യപിച്ച് ലക്കുകെട്ട് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട പൊലീസുകാരനാണെന്നും മാത്യൂസ് പറഞ്ഞു. തന്നെ കുറ്റ വിമുക്തനായി അറിയിച്ച അപ്പോഴത്തെ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസ്സിയുടെ രേഖാമൂലമുള്ള മറുപടിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ സലീം. സോഷ്യല്‍ മീഡിയ വഴി തനിക്കുണ്ടായ അപമാനം പരിഹരിക്കാന്‍ ഡല്‍ഹി സര്‍ക്കാരും പൊലീസ് കമ്മീഷണറും ഡി.എം.ആര്‍.സിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും നടപടികളെടുക്കണമെന്ന് കാണിച്ചാണ് സലീം സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പ് ഗുരുതരമായ മസ്തിഷ്‌കാഘാതം സംഭവിച്ചയാളാണ് സലീം. തലച്ചോറിലെ ഞരമ്പിലെ രക്തയോട്ടം ഇതിനിടെ തകരാറിലായതിനെ തുടര്‍ന്ന് ശരീരത്തിന്റെ ഇടതുവശം തളരുകയും മുഖം ഒരു വശത്തേക്ക് കോടി പോവുകയും ഓര്‍മ്മക്കുറവ് സംഭവിക്കുകയും ചെയ്തിരുന്നു. ശാരീരിക തളര്‍ച്ചക്ക് പുറമേ സംസാരിക്കുന്നതിനും സലീമിന് പ്രയാസം നേരിട്ടിരുന്നു. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ സുരക്ഷാ സേനയില്‍ അംഗമായിരുന്നു സലീം. എന്നാല്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് സലീമിനെ സുരക്ഷാ ജോലിയില്‍ നിന്നും ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.