പാക് യാത്രകള്‍ക്ക് അമേരിക്കന്‍ ഏജന്‍സി ഫണ്ട് നല്‍കിയെന്ന് ഹെഡ്ലി
text_fieldsമുംബൈ: 90കളില്‍ പാകിസ്താനിലേക്കുള്ള യാത്രകള്‍ക്ക് അമേരിക്കയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് പണം നല്‍കിയതെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി. 2008ലെ മുംബൈ ഭീകരാക്രമണ കേസില്‍ ക്രോസ് വിസ്താരത്തിനിടെയാണ് ഹെഡ്ലി ഇതു പറഞ്ഞത്.
നിലവില്‍ മുംബൈ ജയിലില്‍ കഴിയുന്ന ഭീകരാക്രമണ കേസ് പ്രതി സബിഉദ്ദീന്‍ അന്‍സാരി എന്ന അബൂജുന്ദലിന്‍െറ അഭിഭാഷകന്‍ അബ്ദുല്‍ വഹാബ് ഖാന്‍െറ അപേക്ഷയെ തുടര്‍ന്നാണ് അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ഹെഡ്ലി വിഡിയോ കോണ്‍ഫറന്‍സ് വഴി ക്രോസ് വിസ്താരത്തിന് വിധേയനായത്. രണ്ടു തവണ അമേരിക്കയില്‍ പിടിയിലാകുന്നതുവരെ മയക്കുമരുന്ന് കടത്തുണ്ടായിരുന്നുവെന്ന് ഹെഡ്ലി പറഞ്ഞു. 1988ലും 1998ലുമാണ് അമേരിക്കന്‍ ഏജന്‍സിയുടെ പിടിയിലായതെന്നും തുടര്‍ന്ന് മേലില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകില്ളെന്ന പ്രതിജ്ഞയില്‍ ജയില്‍മുക്തനാകുകയായിരുന്നുവെന്നുമാണ് ഹെഡ്ലി പ്രത്യേക കോടതി ജഡ്ജി ജി.എ സനപിനു മുമ്പാകെ പറഞ്ഞത്.
92നും 98നും ഇടയിലെ പാക് യാത്രകള്‍ക്കാണ് അമേരിക്കന്‍ ഏജന്‍സി ഫണ്ട് നല്‍കിയതെന്നാണ് ഹെഡ്ലിയുടെ മൊഴി. പാകിസ്താനിലെ ലശ്കറെ ത്വയ്യിബയില്‍നിന്ന് പണം പറ്റിയിട്ടില്ളെന്ന് പറഞ്ഞ ഹെഡ്ലി മറിച്ച് അവര്‍ക്ക് 80 ലക്ഷത്തോളം പാകിസ്താന്‍ രൂപ നല്‍കുകയാണ് ചെയ്തതെന്ന് അവകാശപ്പെട്ടു. അമേരിക്കയിലെ ബിസിനസ്സില്‍നിന്നും പാകിസ്താനിലെ സ്വത്ത് വിറ്റതില്‍നിന്നുമാണ് പണം. 2002നു ശേഷം യു.എ.ഇയിലും പാകിസ്താനിലും ബിസിനസ്സുകള്‍ തുടങ്ങിയതായും ഹെഡ്ലി പറഞ്ഞു.
ഡാനിഷ് പത്രം ആക്രമിച്ച കേസില്‍ അമേരിക്കയിലെ ജയിലില്‍ കഴിയുന്ന പാക് വംശജനായ കാനഡക്കാരന്‍ തഹവ്വുര്‍ ഹുസൈന്‍ റാണക്ക് ലശ്കറെ ത്വയ്യിബയുമായി ബന്ധമില്ളെന്നും ലശ്കറെയുമായി തനിക്കുള്ള ബന്ധം റാണയോട് വെളിപ്പെടുത്തിയത് മുംബൈ ആക്രമണത്തിന് അഞ്ചുമാസം മുമ്പാണെന്നും ഹെഡ്ലി പറഞ്ഞു. വിവരം അറിഞ്ഞ ഉടന്‍ മുംബൈയിലെ റാണെയുടെ ഓഫിസ് ഒഴിയാന്‍ ആവശ്യപ്പെട്ടെന്നും ഹെഡ്ലി കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍കാരിയായ ഭാര്യ ഷാസിയ ഗീലാനിയെക്കുറിച്ച് വെളിപ്പെടുത്താനാകില്ളെന്ന് ഹെഡ്ലി പറഞ്ഞു. വിവാഹ ശേഷമാണ് തന്‍െറ ലശ്കര്‍ ബന്ധം ഭാര്യയോട് വെളിപ്പെടുത്തിയതെന്ന് ഹെഡ്ലി പറഞ്ഞപ്പോള്‍ ഭാര്യയുടെ പ്രതികരണമെന്തായിരുന്നു എന്ന് അബൂജുന്ദലിന്‍െറ അഭിഭാഷകന്‍ ചോദിക്കുകയായിരുന്നു. ഭാര്യയുമായുള്ള സ്വകാര്യതയെ ചോദ്യംചെയ്യാന്‍ അവകാശമില്ളെന്നായിരുന്നു ഹെഡ്ലിയുടെ പ്രതികരണം. തെളിവു നിയമത്തിലെ 122ാം വകുപ്പ് ചൂണ്ടിക്കാട്ടി പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം ഹെഡ്ലിയുടെ രക്ഷക്കത്തെി.
2006ല്‍ പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ശ്രമിച്ച വ്യക്തിയെ സേബ് ഷായുമായി പരിചയപ്പെടുത്തിയതായും സേബ് ഷാ മുമ്പ് മയക്കുമരുന്ന് കടത്തില്‍ തന്നെ സഹായിച്ച ആളാണെന്നും ഹെഡ്ലി പറഞ്ഞു. ക്രോസ് വിസ്താരം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.