ഹൈദരാബാദ് സര്‍വകലാശാലയില്‍ അടിയന്തരാവസ്ഥയെന്ന് വിദ്യാര്‍ഥികള്‍
text_fieldsഹൈദരാബാദ്: തിരിച്ച് ജോലിയില്‍ പ്രവേശിക്കാനുള്ള ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവുവിന്‍െറ നീക്കം വിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാമ്പസില്‍ അടിയന്തരാവസ്ഥയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ചൊവ്വാഴ്ച അപ്പറാവു ചുമതലയേറ്റതിനെ തുടര്‍ന്നാണ് കാമ്പസ് അന്തരീക്ഷം വീണ്ടും കലുഷിതമായത്.
സമരം ചെയ്യുന്ന വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകരെയും അധ്യാപകരെയും നേരിടാന്‍ വി.സി പൊലീസ് സഹായം തേടുകയായിരുന്നു. തുടര്‍ന്ന് കാമ്പസില്‍ ഇരച്ചുകയറിയ പൊലീസ് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തി. യാതാരു പ്രകോപനവുമില്ലാതെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചതെന്ന് ഒരു മലയാളി വിദ്യാര്‍ഥി ആരോപിച്ചു.
പൊലീസ് നടപടിക്കിടെ, ബ്ളേഡ് രൂപത്തിലുള്ള ആയുധം കൊണ്ട് പലര്‍ക്കും മുറിവേറ്റു. രണ്ട് അധ്യാപകരടക്കം 36 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി മലയാളി വിദ്യാര്‍ഥികളും തടവിലായി. അറസ്റ്റ് ചെയ്ത മുഴുവന്‍ പേരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും അധ്യാപകരും സമരം ശക്തമാക്കിയിരിക്കുകയാണ്. സമരം ദുര്‍ബലമാക്കാന്‍ കടുത്ത നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടു. വൈദ്യുതിയും ഇന്‍റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ച അധികൃതര്‍ മെസുകളും അടച്ചുപൂട്ടി. പിന്നാക്ക പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ശിക്ഷിക്കുകയാണ് അധികൃതരെന്ന് ഒരു വിദ്യാര്‍ഥി ഫേസ്ബുക്കില്‍ കുറിച്ചു.
ഭക്ഷണവും വെള്ളവും കിട്ടാതെ വിദ്യാര്‍ഥികള്‍ സ്വന്തമായി പാകം ചെയ്യുന്നതും തടയുകയാണ്. എ.ടി.എമ്മുകള്‍ ബ്ളോക് ചെയ്തും വിദ്യാര്‍ഥികളെ വലക്കുകയാണ് അധികൃതര്‍. വിദ്യാര്‍ഥികള്‍ പരാതിപ്പെടാന്‍ തുനിഞ്ഞാല്‍ അവരെ പൊലീസ് വാനിലേക്ക് വലിച്ചിഴക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.