വാട്ട്സ്ആപ് സന്ദേശത്തിന്‍െറ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
text_fieldsന്യൂഡല്‍ഹി: പൊലീസിന് അപകീര്‍ത്തികരമായ വാട്ട്സ്ആപ് സന്ദേശം പ്രചരിപ്പിച്ചെന്നാരോപിച്ച് ഛത്തിസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. ആദിവാസികള്‍ക്കും പൗരാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരായ അക്രമം റിപ്പോര്‍ട്ട് ചെയ്യുന്ന ബസ്തറിലെ ‘പത്രിക’ ലേഖകന്‍ പ്രഭാത് സിങ്ങാണ് അറസ്റ്റില്‍. ബസ്തര്‍ ന്യൂസ് എന്ന പേരിലെ വാട്ട്സ്ആപ് ഗ്രൂപ്പില്‍ എഴുതിയ പോസ്റ്റിനെതിരെ സാമാജിക് ഏക്താ മഞ്ച് എന്ന സംഘടനയുടെ ഭാരവാഹിയും മാധ്യമപ്രവര്‍ത്തകനുമായ സന്തോഷ് തിവാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് പറയുന്നു. ബസ്തറിലെ പ്രമുഖ പൊലീസ് ഉദ്യോഗസ്ഥന്‍െറ അടുപ്പക്കാരായ മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമേ സുരക്ഷയുള്ളൂ എന്നായിരുന്നു സന്ദേശം. അതില്‍ അസഭ്യപദമുണ്ടായിരുന്നുവെന്നുകാണിച്ച് ഐ.ടി ആക്ടിലെ 67, പീനല്‍കോഡിലെ 292 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
എന്നാല്‍, പൊലീസിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ നല്‍കിയതിനാണ് അറസ്റ്റെന്നും ഇദ്ദേഹത്തെ കസ്റ്റഡിയില്‍ മര്‍ദനത്തിനിരയാക്കിയതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പരാതിക്കാരന് സിങ്ങിനോട് വ്യക്തിപരമായ ശത്രുതയുണ്ടെന്നും പൊലീസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മഞ്ച് എന്നും അഭിഭാഷകന്‍ പറഞ്ഞു. തിങ്കളാഴ്ച കസ്റ്റഡിയിലായ പ്രഭാതിനെ മാര്‍ച്ച് 31 വരെ ജഗ്ദല്‍പുര്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ ഛത്തിസ്ഗഢ് സര്‍ക്കാറിനോട് വിശദീകരണം തേടി.
അന്യായ അറസ്റ്റ്, കസ്റ്റഡി പീഡനം എന്നിവ നടന്നുവെന്ന പരാതിയില്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് അറസ്റ്റിലാവുന്ന മൂന്നാമത്തെ മാധ്യമപ്രവര്‍ത്തകനാണ് പ്രഭാത് സിങ്. നേരത്തേ സന്തോഷ് യാദവ്, സോമാരു നാഗ് എന്നിവരെ നക്സലുകള്‍ക്ക് സഹായം നല്‍കിയെന്നാരോപിച്ച് പിടികൂടിയിരുന്നു. ‘സ്ക്രോള്‍ വെബ്സൈറ്റിന്’ വേണ്ടി എഴുതിയിരുന്ന മാലിനി സുബ്രഹ്മണ്യത്തിന്‍െറ വീട് ആക്രമിക്കപ്പെട്ടിരുന്നു. ബി.ബി.സി ലേഖകന്‍ അലോക് കുമാറിനും ജോലി മതിയാക്കേണ്ടി വന്നു.
സിങ്ങിനെതിരെ ആധാര്‍ കാര്‍ഡ് എന്‍റോള്‍മെന്‍റുമായി ബന്ധപ്പെട്ട് രണ്ടു തട്ടിപ്പു പരാതികള്‍ നേരത്തേ ചുമത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം എടുത്ത കേസില്‍ അറസ്റ്റ് നടന്നിട്ടില്ളെന്നും അവ കള്ളക്കേസുകളാണെന്നും പൗരാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ഭഘേല്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.