താക്കറെയെ ആക്രമിക്കാൻ ലശ്കർ ശ്രമിച്ചെന്ന് ഡേവിഡ് ഹെഡ് ലി
text_fieldsമുംബൈ: ശിവസേന നേതാവ് ബാൽ താക്കറെയെ വധിക്കാൻ തീവ്രവാദി സംഘടനയായ ലശ്കറെ ത്വയ്യിബ പദ്ധിയിട്ടിരുന്നു എന്ന് മുംബൈ ഭീകരാക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോൾമാൻ ഹെഡ് ലി. കേസിലെ വിചാരണക്കിടെ പ്രത്യേക കോടതിയോടാണ് ഹെഡ് ലി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് തവണ ആക്രമണത്തിന് ശ്രമിച്ചുവെന്നും ഹെഡ് ലി പറഞ്ഞു. വിഡിയോ കോൺഫറൻസിങ് വഴിയാണ് യു.എസിൽ തടവിലുള്ള ഹെഡ് ലിയുടെ മൊഴിയെടുക്കുന്നത്.
ആദ്യത്തെ ആക്രമണശ്രമം പരാജയപ്പെട്ടതിന് ശേഷം ദൗത്യം ഏൽപ്പിക്കപ്പെട്ടയാൾ പിടിയിലായി. എന്നാൽ പിന്നീട് ഇയാൾ രക്ഷപ്പെട്ടു. ശിവസേന ആസ്ഥാനമായ സേന ഭവൻ താൻ രണ്ടുതവണ സന്ദർശിച്ചിട്ടുണ്ട്. ലശ്കർ മുഖ്യൻ സാജിദ് മിർ നിർദേശിച്ചതനുസരിച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും ഹെഡ് ലി വ്യക്തമാക്കി. ലശ്കറിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്ക് താൻ പണമൊന്നും കൈപറ്റിയിരുന്നില്ലെന്ന് ഹെഡ് ലി ഇന്നലെ പറഞ്ഞിരുന്നു. താൻ ലശ്കറിന് പണം നൽകുകയാണുണ്ടായതെന്നും ഹെഡ് ലി കൂട്ടിച്ചേർത്തു.
മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് യു.എസിൽ 35 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയാണ് ഡേവിഡ് കോൾമാൻ ഹെഡ് ലി. 2008ൽ നടന്ന ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനിടെ പിടിയിലായ അജ്മൽ കസബിനെ 2012ൽ തൂക്കിലേറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.