ഹൈദരാബാദ് സർവകലാശാല; ദ്രുതകര്‍മ്മ സേനയെ പിന്‍വലിച്ചു, സമരവുമായി മുന്നോട്ടെന്ന് വിദ്യാർഥികൾ
text_fieldsഹൈദരാബാദ്: വിദ്യാര്‍ഥി പ്രക്ഷോഭത്തെതുടര്‍ന്ന് അടച്ചിട്ട ഹൈദരബാദ് സര്‍വകലാശാലയില്‍ നിന്ന് ദ്രുതകര്‍മ്മ സേനയെ പിന്‍വലിച്ചു. കാമ്പസിനുള്ളില്‍ ഏര്‍പ്പെടുത്തിയ പൊലീസ് വിന്യാസത്തിലും കുറവുവരുത്തിയിട്ടുണ്ട്. അതേസമയം, വൈസ് ചാന്‍സലര്‍ അപ്പറാവുവിന്‍റെ വീടിന് സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു. അടച്ചിട്ട ഭക്ഷണശാലകളും കഴിഞ്ഞദിവസം മുതല്‍ ഭാഗികമായി തുറന്നുപ്രവര്‍ത്തിച്ചുതുടങ്ങി.
അതിനിടെ ഹോസ്റ്റലില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കപ്പെട്ടതില്‍ മനുഷ്യാവകാശ കമീഷന്‍ വിസിയോട് വിശദീകരണം തേടിയിട്ടുണ്ട്. അറസ്റ്റിലായ ഒന്‍പത് മലയാളികളുള്‍പ്പെടെ 27 വിദ്യാര്‍ഥികളുടെയും രണ്ട് അധ്യാപകരുടേയും ജാമ്യഹരജി മിയാപൂര്‍ കോടതി തിങ്കളാഴ്ച പരിഗണിക്കും. ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരായ ആദിത്യന്‍, മാത്യു ജോസഫ്, മുഹമ്മദ് അജ്മല്‍, ആഷിഖ് മുഹമ്മദ്, എസ്.ഐ.ഒ യൂനിറ്റ് സെക്രട്ടറി ഇ.കെ. റമീസ്, മുന്‍സിഫ്, മുഹമ്മദ് ഷാ, ശ്രീരാഗ്, ദീപക് എന്നിവരാണ് കസ്റ്റഡിയിലുള്ള മലയാളി വിദ്യാര്‍ഥികള്‍.
അതേസമയം, വി.സിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ട് പോകാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചു. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മോചിപ്പിക്കണമെന്നും വി.സി അപ്പറാവു രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാർഥികൾ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരടക്കം പുറത്ത് നിന്നുള്ള ഒരാളേയും ക്യാംപസിനകത്ത് കടക്കാന്‍ അനുവദിക്കാതെ സമരത്തെ നേരിടാനാണ് അധികൃതരുടെ നീക്കം. പൊലീസ് നടപടിയില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ ഉദയഭാനു ഇപ്പോഴും ഐ.സി.യുവില്‍ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.