രാമേശ്വരത്ത് കലാമിന്‍െറ സ്മാരക മണ്ഡപ നിര്‍മാണം തുടങ്ങി
text_fields
കോയമ്പത്തൂര്‍: മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി രാമേശ്വരത്ത് ലോകോത്തര സ്മാരക മണ്ഡപം നിര്‍മിക്കുന്നു. കലാമിനെ ഖബറടക്കിയ രാമേശ്വരത്തെ പേയ്കരിമ്പില്‍ കേന്ദ്ര നഗരവികസന-സാംസ്കാരിക വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആര്‍.ഡി.ഒ) മുഖേനയാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഇതിനായി 30 കോടി രൂപയാണ് അനുവദിച്ചത്.
പേയ്കരിമ്പിലെ 1.30 ഏക്കര്‍ ഭൂമി നേരത്തെ തമിഴ്നാട് സര്‍ക്കാര്‍ വിട്ടുകൊടുത്തിരുന്നു. എന്നാല്‍, വിശാലമായ മണ്ഡപ നിര്‍മാണത്തിന് രണ്ടര ഏക്കര്‍ ഭൂമി കൂടി വിട്ടുതരണമെന്നാവശ്യപ്പെട്ട് കേന്ദ്രം തമിഴ്നാട് സര്‍ക്കാറിന് കത്തയച്ചിട്ടുണ്ട്.
യുവജനങ്ങള്‍ക്ക് പ്രേരണയും പ്രചോദനവുമായ കലാമിന്‍െറ ജീവിതം, ശാസ്ത്ര സാങ്കേതിക മേഖല, വ്യക്തി ജീവിതത്തിലെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്മാരക നഗരി ഒരുക്കുക. ഇംഗ്ളീഷ്, ഹിന്ദി, തമിഴ് ഭാഷകളിലുള്ള ഓഡിയോ-വിഷ്വലുകളും ഉണ്ടാകും. മൂന്നു ദിവസം മുമ്പാണ് പ്രവൃത്തി ആരംഭിച്ചത്. ആദ്യം ചുറ്റുമതിലാണ് നിര്‍മിക്കുന്നത്. കലാം ജനിച്ചുവളര്‍ന്ന രാമേശ്വരത്തെ തറവാട് വീടും പുതുക്കിപ്പണിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.