ഉത്തരാഖണ്ഡ്: കോൺഗ്രസ് നിയമയുദ്ധത്തിന്
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതിനെതിരെ കോൺഗ്രസ് ഹൈകോടതിയെ സമീപിക്കും. നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് കോടതിയെ സമീപിക്കുന്നത്. വിശ്വാസവോട്ട് തേടുന്നതിന്‍റെ 24 മണിക്കൂറുകൾ മാത്രം അവശേഷിക്കെ ബി.ജെ.പി നടത്തിയ നാടകീയ നീക്കം ജനാധിപത്യത്തിന്‍റെ കൊലപാതകമാണെന്ന് മുൻമുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.
മോഡിയും അമിത് ഷായും ചേർന്ന് തന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെ എന്തുവില കൊടുത്തും അട്ടിമറിക്കാൻ ശ്രമിച്ചു. ഉത്തരാഖണ്ഡിലെ ജനങ്ങളുടെ വികാരം പോലും മാനിക്കാതെയുള്ള നടപടിയായിരുന്നു ഇതെന്നും റാവത്ത് പറഞ്ഞു. റാവത്ത് സർക്കാർ ഇന്ന് വിശ്വാസവോട്ട് നേരിടാനിരിക്കെയാണ് സംസ്ഥാനത്ത് ഞായറാഴ്ച രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
സംസ്ഥാനത്ത് കടുത്ത ഭരണപ്രതിസന്ധി നിലനിൽക്കുന്നു എന്ന് ഗവർണർ കെ.കെ പോൾ കേന്ദ്ര മന്ത്രിസഭക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്.
എം.എൽ.എമാർ കൂറുമാറിയതിനെ തുടർന്നാണ് ഹരീഷ് റാവത്തിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായത്. സർക്കാർ രൂപവത്കരണത്തിന് ബി.ജെ.പി അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഒമ്പത് വിമത എം.എല്‍.എമാരെ സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ച്വാള്‍ ശനിയാഴ്ച രാത്രി അയോഗ്യരാക്കിയതായി റിപ്പോർട്ട് വന്നിരുന്നു. ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്പീക്കറെ കണ്ടിരുന്നു. കേന്ദ്ര മന്ത്രിസഭാ യോഗം രാത്രി ചേര്‍ന്നതിന് പിന്നാലെയായിരുന്നു സ്പീക്കറുടെ നാടകീയ നീക്കം.
അതിനിടെ ഹരീഷ് റാവത്ത് വിമത എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ഒളികാമറ ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നു. തിങ്കളാഴ്ച നടക്കുന്ന വിശ്വാസവോട്ടില്‍ പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പണം വാഗ്ദാനംചെയ്യുന്ന ദൃശ്യങ്ങള്‍ വിമത എം.എല്‍.എമാരായ സാകേത് ബഹുഗുണ, ഹരക് സിങ് റാവത്ത്, സുബോധ് ഉനിയാല്‍ എന്നിവരാണ് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.