ഉത്തരാഖണ്ഡ് വിശ്വാസ വോെട്ടടുപ്പിലേക്ക്
text_fieldsനൈനിതാള്‍: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാറിനെ മരവിപ്പിച്ച് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രനീക്കത്തിന് തിരിച്ചടിയായി വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരാഖണ്ഡ് ഹൈകോടതി ഉത്തരവ്. വിശ്വാസവോട്ടെടുപ്പ് ജയിച്ചാല്‍ റാവത്തിന് അധികാരത്തില്‍ തുടരാമെന്നും കോടതി അറിയിച്ചു.
ഹൈകോടതി രജിസ്ട്രാര്‍ ജനറലിന്‍െറ സാന്നിധ്യത്തില്‍ വ്യാഴാഴ്ച രാവിലെ 11നാണ് വോട്ടെടുപ്പ് നടക്കുക. അയോഗ്യരാക്കിയ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ഹൈകോടതി അനുമതി നല്‍കി. അവരുടെ വോട്ടുകള്‍ പ്രത്യേകം സൂക്ഷിക്കും. അയോഗ്യത സംബന്ധിച്ച പരാതിയില്‍ നടപടിക്കുശേഷമാകും അവരുടെ വോട്ടുകള്‍ പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. വോട്ടെടുപ്പ് നടക്കുമ്പോള്‍ നിയമസഭയില്‍ സുരക്ഷ ഉറപ്പാക്കാന്‍ കോടതി ഡി.ജി.പിയോട് ഉത്തരവിട്ടു.
വിശ്വാസവോട്ടെടുപ്പിന് ഉത്തരവിട്ടതുവഴി രാഷ്ട്രപതിഭരണത്തിന് സ്റ്റേ ഉണ്ടോയെന്നതും ഹരീഷ് റാവത്ത് സര്‍ക്കാറിന് വീണ്ടും അധികാരം ലഭിക്കുമോയെന്നതും സംബന്ധിച്ച് കോടതി ഒന്നും വ്യക്തമാക്കിയില്ല. അതേസമയം കോടതിവിധി ചോദ്യംചെയ്ത് കേന്ദ്രം ബുധനാഴ്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചേക്കും. അയോഗ്യരായ എം.എല്‍.എമാരെ സംബന്ധിച്ച വിധിക്കെതിരെ കോണ്‍ഗ്രസും ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും.
ഉത്തരവ് ഏകാധിപത്യം നടപ്പാക്കാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാറിനേറ്റ തിരിച്ചടിയാണെന്ന് ഹരീഷ് റാവത്ത് അഭിപ്രായപ്പെട്ടു. ഒരു കോടതിക്കും രാഷ്ട്രപതിഭരണം സ്റ്റേ ചെയ്യാനാകില്ളെന്നും രാഷ്ട്രപതിഭരണമേര്‍പ്പെടുത്തിയ സംസ്ഥാനത്ത് വിശ്വാസവോട്ടെടുപ്പിന് ഉത്തരവിടാനാകില്ളെന്നും കേന്ദ്രം പ്രതികരിച്ചു.
കോണ്‍ഗ്രസിലെ പാളയത്തില്‍പട സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന കാരണം നിരത്തിയാണ് തിങ്കളാഴ്ച നടക്കാനിരുന്ന വിശ്വാസവോട്ടിനു തലേന്ന് ഹരീഷ് റാവത്ത് സര്‍ക്കാറിനെ കേന്ദ്രം താഴെയിറക്കിയത്. ഇതിനെതിരെ ഹരീഷ് റാവത്ത് കോടതിയെ സമീപിക്കുകയായിരുന്നു. റാവത്തിനുവേണ്ടി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്വിയാണ് കോടതിയില്‍ ഹാജരായത്.
കുതിരക്കച്ചവടം നടന്നെന്ന ആരോപണം രാഷ്ട്രപതിഭരണത്തിന് നീതീകരണമാകില്ളെന്ന് പറഞ്ഞ സിങ്വി, ഗവര്‍ണര്‍ കെ.കെ. പോളും വിശ്വാസവോട്ട് തേടാനാണ് നിര്‍ദേശം നല്‍കിയതെന്നും അഭിപ്രായപ്പെട്ടു. റാവത്ത് ഗവര്‍ണര്‍ക്കു മുന്നില്‍ 34 എം.എല്‍.എമാരെ ഹാജരാക്കി സഭയില്‍ തനിക്ക് ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ധനവിനിയോഗ ബില്‍ നിയമസഭ പരിഗണിക്കുന്നതിനിടെ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അപ്രതീക്ഷിത നീക്കത്തില്‍ കൂറുമാറിയതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.