ഗോവധനിരോധവും ജലക്ഷാമവും; മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ദുരിതത്തിലേക്ക്
text_fieldsവിദര്‍ഭ: ഗോവധനിരോധവും ജലക്ഷാമവും മഹാരാഷ്ട്രയിലെ കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.
ഗോവധനിരോധം പശുക്കളെ കൂടാതെ കാളകള്‍ക്കും പോത്തുകള്‍ക്കും ബാധകമാക്കി കഴിഞ്ഞവര്‍ഷം മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം വികസിപ്പിച്ചിരുന്നു. നിരോധം വന്നതോടെ ആവശ്യമില്ലാത്ത കാലികളെ വാങ്ങാന്‍ ആളുകളില്ലാതെയായി. കാലികളെ വാങ്ങി കൊണ്ടുപോകുന്നവരെ ഹിന്ദുത്വ സംഘടനകള്‍ ആക്രമിച്ചതും കൊലപ്പെടുത്തിയതുമായ സംഭവങ്ങള്‍ വരെ രാജ്യത്തിന്‍െറ പലഭാഗത്തും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കാലിച്ചന്തകള്‍ ശുഷ്കമായി. കാലികളുടെ വില 40 ശതമാനം മുതല്‍ 60 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്. 40,000 രൂപക്ക് വാങ്ങിയ കാലികളെ 20,000 രൂപക്ക് എടുക്കാന്‍ ആളില്ലാതായെന്ന് കര്‍ഷകര്‍ പരിതപിക്കുന്നു.
പ്രത്യേകിച്ച് പ്രയോജനമില്ലാത്ത കാലികള്‍ക്ക് നല്‍കാന്‍ വെള്ളമില്ലാത്തതും കര്‍ഷകരെ അലട്ടുകയാണ്. സര്‍ക്കാര്‍ ടാങ്കറുകളില്‍ എത്തിക്കുന്ന വെള്ളം ആശ്രയിക്കുന്ന തങ്ങള്‍ക്ക് കാലികള്‍ക്ക് വെള്ളം നല്‍കാനാവില്ളെന്ന് അവര്‍ പറയുന്നു. ഒരു കാലിക്ക് പ്രതിദിനം 70 ലിറ്റര്‍ വെള്ളം വേണം. വെള്ളത്തിനുവേണ്ടി അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിനില്‍ക്കരുതെന്ന് കാണിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചത് മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലാണ്.
മറ്റു മാര്‍ഗമില്ലാതെ കാലികളെ ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിക്കുകയാണ്. ഉടമസ്ഥര്‍ ഉപേക്ഷിക്കുന്ന കാലികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനമാരംഭിച്ചിരുന്നു. എന്നാല്‍ 2,50,000 കാലികളെ സംരക്ഷിക്കാനുള്ള സൗകര്യങ്ങളേ ഇവിടങ്ങളിലുള്ളൂ. എന്നാല്‍, 40 ലക്ഷം കാലികളെങ്കിലും സംസ്ഥാനത്ത് പ്രത്യേക പരിഗണന അര്‍ഹിക്കുന്നവയായുണ്ട്. ഗോസംരക്ഷണത്തിന് ആലയങ്ങള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച വി.എച്ച്.പിക്ക് ഇതുവരെ 150 കാലികളെ സംരക്ഷിക്കാനാവുന്ന ഒരു ആലയം മാത്രമേ പണിയാനായിട്ടുള്ളൂ. 7,00,000 കാലികള്‍ സംരക്ഷണമില്ളെങ്കില്‍ അറവുശാലകളില്‍ എത്തുമെന്നു പറഞ്ഞ വി.എച്ച്.പി മഹാരാഷ്ട്ര തലവന്‍ ലക്ഷ്മി നാരായണ്‍ ഛന്ദക് ഗോസംരക്ഷണത്തിന് സര്‍ക്കാര്‍ ചെലവില്‍ ആലയങ്ങള്‍ സ്ഥാപിക്കാനും ആവശ്യപ്പെടുന്നു.
ഗോവധനിരോധ നിയമം പുന$പരിശോധിക്കണമെന്ന ആവശ്യം കര്‍ഷകരെ കൂടാതെ രാഷ്ട്രീയ നേതാക്കളും ഉയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. കര്‍ഷകരെ പിന്തുണക്കുകയാണ് പ്രാഥമിക ബാധ്യതയെന്നും കര്‍ഷകര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് കാലികളെ വില്‍ക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നും ബി.ജെ.പി എം.എല്‍.എ ഭീംറാവു ദൊണ്ഡെ പറഞ്ഞു. ഗോവധനിരോധം മൂലം രാജ്യത്തിന് വലിയ സാമ്പത്തികനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മാംസ കയറ്റുമതിയില്‍ 13 ശതമാനം ഇടിവുവന്നിട്ടുണ്ട്. ഇന്ത്യക്കുണ്ടായ നഷ്ടം ഈ രംഗത്ത് മത്സരിക്കുന്ന ബ്രസീലിന് ഗുണമായിത്തീര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.