ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചനിരക്ക് എ.ഡി.ബി കുറച്ചു
text_fieldsന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചനിരക്ക് 7.4 ശതമാനമായിരിക്കുമെന്ന് എഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക് (എ.ഡി.ബി). നേരത്തെ 7.8 ശതമാനമായിരിക്കുമെന്ന് കണക്കാക്കിയിരുന്നതാണ് 7.4 ശതമാനമായി പുനര്‍നിര്‍ണയിച്ചത്.
അതേസമയം, 2017 സാമ്പത്തികവര്‍ഷം സാമ്പത്തികമേഖല വീണ്ടും വളര്‍ച്ചയുടെ ഗതിവേഗം കൈവരിക്കുമെന്നും എ.ഡി.ബിയുടെ റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവര്‍ധന ആഭ്യന്തര ഉപഭോഗത്തില്‍ വര്‍ധന വരുത്തുമെങ്കിലും ആഗോളതലത്തില്‍ നിലനില്‍ക്കുന്ന മാന്ദ്യം കയറ്റുമതിയെ ബാധിക്കുമെന്നതാണ് ഇന്ത്യക്ക് വിനയാവുക. എന്നാല്‍, ബാങ്കിങ് മേഖലയിലുള്‍പ്പെടെ നടക്കുന്ന പരിഷ്കരണങ്ങളും സ്വകാര്യ നിക്ഷേപത്തിലുണ്ടാകുന്ന വര്‍ധനയും 2017ല്‍ ഗുണകരമാവും.
2017ല്‍ 7.8 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ അതിവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി സമീപ ഭാവിയില്‍ ഇന്ത്യ തുടരുമെന്നും എ.ഡി.ബിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ഷാങ് ജിന്‍ വെയ് പറഞ്ഞു. അടുത്ത സാമ്പത്തികവര്‍ഷം 7-7.75 ശതമാനം വളര്‍ച്ച നേടുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നത്. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം പണപ്പെരുപ്പം വീണ്ടും ഉയരുമെന്നും റിപ്പോര്‍ട്ടു പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവര്‍ധന, എണ്ണവിലയിലുണ്ടാകുന്ന വര്‍ധന എന്നിവ ഇതിനു കാരണമാകും. അടുത്ത സാമ്പത്തികവര്‍ഷം 5.4 ശതമാനവും അതിനടുത്തവര്‍ഷം 5.8 ശതമാനവുമായിരിക്കും പണപ്പെരുപ്പമെന്നും എ.ഡി.ബി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.