പ്രതിപക്ഷത്തെ ഇല്ലാതാക്കിയാല്‍ നാട് നശിക്കുമെന്ന് സേന
text_fieldsമുംബൈ: ഉത്തരാഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് സഖ്യകക്ഷിയായ ശിവസേന. ധാര്‍മികതയുടെ പേരില്‍ ഉത്തരാഖണ്ഡില്‍ ജനാധിപത്യത്തിന്‍െറ കഴുത്തുഞ്ഞെരിക്കുകയാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ചെയ്തതെന്ന് പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യിലൂടെ ശിവസേന വിമര്‍ശിച്ചു.
ഒമ്പത് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരെ ഉപയോഗിച്ചാണ് ബി.ജെ.പി ഉത്തരാഖണ്ഡ് സര്‍ക്കാറില്‍ അസ്ഥിരത ഉണ്ടാക്കിയത്. സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കില്‍ നിയമസഭയിലൂടെയാണ് തീരുമാനം ഉണ്ടാകേണ്ടത്. ഗവര്‍ണര്‍ ശക്തി തെളിയിക്കാന്‍ സര്‍ക്കാറിന് അവസരവും നല്‍കി. എന്നാല്‍, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ബി.ജെ.പി അതിനെ അട്ടിമറിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്‍െറ വഴിവിട്ട ഏര്‍പ്പാടുകളോട് എതിര്‍പ്പുണ്ട്. എന്നാല്‍, ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വന്ന സര്‍ക്കാറിനെ ജനാധിപത്യപരമായ നടപടികളിലൂടെ തന്നെയാണ് പുറത്താക്കേണ്ടതും. രാജ്യത്ത് അരാജകത്വവും അസ്ഥിരതയും ഉണ്ടാക്കുന്ന നടപടിയാണ് ബി.ജെ.പി ചെയ്തത്.
കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുന്നതില്‍ ഞങ്ങള്‍ക്ക് വിഷമമില്ല. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്‍െറ ശബ്ദത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഏക പാര്‍ട്ടി ഭരണം അടിയന്തരാവസ്ഥയെക്കാളും ഏകാധിപത്യ ഭരണത്തെക്കാളും ഭയാനകമാകും. പ്രതിപക്ഷത്തെ ഇല്ലാതാക്കുകയും സഖ്യകക്ഷികള്‍ക്ക് നേരെ വിഷം ചീറ്റുകയും ചെയ്താല്‍ നാടാണ് നശിക്കുക -‘സാമ്ന’ എഴുതി. രാഷ്ട്രീയ സമ്മര്‍ദത്താല്‍ താല്‍ക്കാലികമായാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാറില്‍ സേന ഭാഗമായതെന്നും ‘സാമ്ന’ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.