പത്താന്‍കോട്ട് ആക്രമണം: പാക് സംഘം ഇന്നു മുതല്‍ സാക്ഷിമൊഴിയെടുക്കും
text_fieldsന്യൂഡല്‍ഹി: പത്താന്‍കോട്ട് തീവ്രവാദ ആക്രമണ കേസ് അന്വേഷിക്കാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പാകിസ്താന്‍ സംയുക്ത അന്വേഷണ സംഘം ഇന്നു മുതല്‍ സാക്ഷികളുടെ മൊഴിയെടുക്കും. പഞ്ചാബ് പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്.
പാക് സംഘം ഇന്ത്യന്‍ അന്വേഷണ സംഘമായ എന്‍.ഐ.എ മേധാവികളുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ചിലരെ പാകിസ്താനില്‍ അറസ്റ്റ് ചെയ്തതായി അന്വേഷണ സംഘം അറിയിച്ചതായി എന്‍.ഐ.എ മേധാവി ശരത് കുമാര്‍ വ്യക്തമാക്കി. അറസ്റ്റിലായവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ളെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന് പിന്നിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ജയ്ശെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്‍െറയും അയാളുടെ സഹോദരന്‍ അബ്ദുല്‍ റഊഫിന്‍െറയും ശബ്ദ സാമ്പ്ള്‍ നല്‍കണമെന്നും തീവ്രവാദ സംഘടന നടത്തുന്ന ട്രസ്റ്റിന്‍െറ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാവേറായ നാസിറിന്‍െറ മാതാവ് ഖയ്യാം ബാബറിന്‍െറ ശബ്ദ സാമ്പിളും ആവശ്യപ്പെട്ടതായി ശരത് കുമാര്‍ പറഞ്ഞു. ആക്രമണത്തിനിടയില്‍ നാസിര്‍ മാതാവുമായി സംസാരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് താഹിര്‍ റായ് നയിക്കുന്ന പാക് സംഘവുമായി എന്‍.ഐ.എ ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ 300 ചോദ്യങ്ങളുടെ പട്ടിക കൈമാറി.
അസ്ഹറിനെയും റഊഫിനെയും വിട്ടുകിട്ടണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അക്കാര്യത്തില്‍ ഇസ്ലാമാബാദില്‍നിന്ന് തീരുമാനമുണ്ടാകുന്നതുവരെ ആക്രമണത്തില്‍ അവര്‍ക്കുള്ള പങ്കിനെക്കുറിച്ച് ചോദ്യംചെയ്യണമെന്നും മൊഴി കൈമാറണമെന്നും പാക് സംഘത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പാക് സംഘം ഏപ്രില്‍ രണ്ടിനാണ് മടങ്ങുന്നത്. ജനുവരി 12ന് നടന്ന പത്താന്‍കോട്ട് വ്യോമതാവള ആക്രമണത്തില്‍ ഏഴു സുരക്ഷ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. 80 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ നാല് തീവ്രവാദികളെ സുരക്ഷാസേന വധിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി എന്‍.ഐ.എ പാക് സംഘത്തിന് കൈമാറിയിട്ടുണ്ട്.
തീവ്രവാദികള്‍ തട്ടിയെടുത്ത് ഉപയോഗിച്ച പൊലീസ് സൂപ്രണ്ട് സല്‍വിന്ദര്‍ സിങ്ങിന്‍െറയും അദ്ദേഹത്തിന്‍െറ സുഹൃത്ത് രാജേഷ് വര്‍മയുടെയും ഫോണിലെ കോളുകള്‍ സംബന്ധിച്ച രേഖകള്‍, പിടിച്ചെടുത്ത ആയുധങ്ങളിലെ സീരിയല്‍ നമ്പറുകള്‍, ഫോറന്‍സിക്, ബാലസ്റ്റിക് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ തെളിവുകളും കൈമാറിയിട്ടുണ്ട്.
നാലു തീവ്രവാദികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൈമാറിയ വിവരങ്ങള്‍ പാക് സംഘം അന്വേഷിച്ച് ഉറപ്പാക്കണമെന്നാണ് ആവശ്യമെന്നും എന്‍.ഐ.എ മേധാവി പറഞ്ഞു.
തീവ്രവാദികളെ അതിര്‍ത്തിവരെ അനുഗമിച്ചെന്ന് കരുതുന്ന ജയ്ശെ മുഖ്യന്‍ കഷിഫ് ജാന്‍ സംഭവത്തില്‍ അയാളുടെ പേര് ഉയര്‍ന്നതോടെ ഒളിവിലാണെന്നും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പാക് സംഘം അറിയിച്ചതായി എന്‍.ഐ.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.