കല്‍ക്കരിപാടം കേസ് ഒതുക്കാൻ സി.ബി.ഐ ഉദ്യോഗസ്ഥർ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: കല്‍ക്കരിപാടം അഴിമതി കേസ് ഒത്തുതീര്‍പ്പാക്കാൻ സി.ബി.ഐയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ വൻതുക കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. സി.ബി.ഐ ഡയറക്ടർ അനിൽ സിൻഹക്ക് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ അയച്ച കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൽക്കരിപാടം അഴിമതിയുമായി ബന്ധപ്പെട്ട ചില കേസുകൾ കോഴ വാങ്ങി ഒത്തുതീര്‍പ്പാക്കിയെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. അന്വേഷണം അവസാനിപ്പിച്ചുവെന്ന് സുപ്രീംകോടതിയെ അറിയിച്ച ചില കേസുകള്‍ കൈക്കൂലി നല്‍കാത്തതിന്‍റെ പേരില്‍ പുനരന്വേഷണം നടത്തുന്നതായും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കേസുകൾ ഒത്തുതീർപ്പാക്കാൻ സി.ബി.ഐ ഡയറക്ടറുടെ പേരിലാണ് പണം വാങ്ങുന്നത്. അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലുള്ളതെന്നും കത്തിൽ പറയുന്നു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന കേസ് അന്വേഷണത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലാണ് സി.ബി.ഐ ഉദ്യോഗസ്ഥൻ നടത്തിയിട്ടുള്ളത്.
2012ൽ കേന്ദ്രസർക്കാർ പാർലമെന്‍റിൽ വെച്ച സി.എ.ജി റിപ്പോർട്ടിലാണ് 206 കൽക്കരിപാടങ്ങൾ ലേലം ചെയ്തതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നത്. 1993-2011 കാലയളവിൽ നടന്ന ലേലത്തിൽ 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായെന്നാണ് കണക്ക്. 2003-2011 കാലയളവിൽ യു.പി.എ സർക്കാരാണ് 165 കൽക്കരിപാടങ്ങൾക്ക് ഒറ്റയടിക്ക് ലൈസൻസ് അനുവദിച്ചത്.
ക്രമവിരുദ്ധമായി കേന്ദ്രസർക്കാർ ലൈസൻസ് അനുവദിച്ച 214 കൽക്കരിപാടങ്ങളുടെ പ്രവർത്തനാനുമതി സുപ്രീംകോടതിയാണ് റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.