ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് യു.എസ് റിപ്പോര്‍ട്ട്
text_fieldsന്യൂയോര്‍ക്: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും മതസഹിഷ്ണുത ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട്. അമേരിക്കന്‍ കോണ്‍ഗ്രസിന്‍െറ കീഴിലുള്ള യു.എസ് കമീഷന്‍ ഫോര്‍ ഇന്‍റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡത്തിന്‍െറ (യു.എസ്.സി.ഐ.ആര്‍.എഫ്) 2015ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തെ ക്രിസ്ത്യന്‍, മുസ്ലിം, സിഖ് വിഭാഗങ്ങള്‍ ഹിന്ദുത്വവാദികളാല്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ഏറിവരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടില്‍ ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാറിനെയും വിമര്‍ശിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, പാര്‍ട്ടി നേതാക്കളായ യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ് തുടങ്ങിയവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മുസ്ലിം ജനസംഖ്യ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആദിത്യനാഥിന്‍െറയും സാക്ഷി മഹാരാജിന്‍െറയും പ്രസ്താവനയും പരാമര്‍ശിക്കുന്നു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണസംഭവങ്ങളും അക്കമിട്ട് വിവരിക്കുന്നുണ്ട്. ഘര്‍ വാപസി പോലുള്ള സംഭവങ്ങളെയും വിമര്‍ശവിധേയമാക്കിയിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള നിയമം ഇന്ത്യയിലുണ്ടെങ്കിലും അത് പലപ്പോഴും ഏകപക്ഷീയമാകുന്നു. ഹിന്ദൂയിസത്തില്‍നിന്നുള്ള പരിവര്‍ത്തനം മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. മറ്റു മതങ്ങളില്‍നിന്ന് ഹിന്ദൂയിസത്തിലേക്കുള്ള നിര്‍ബന്ധിത പരിവര്‍ത്തനം ഭരണകൂടം ഗൗനിക്കുന്നില്ളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മതപരിവര്‍ത്തന നിരോധ നിയമം വിവിധ ഭരണകേന്ദ്രങ്ങള്‍ ദുരുപയോഗം ചെയ്തതിന്‍െറ ഉദാഹരണങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.
അതേസമയം, ഇന്ത്യയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യന്‍ ഭരണഘടനയെയും സമൂഹത്തെയും കൃത്യമായി മനസ്സിലാക്കുന്നതില്‍ യു.എസ് കമീഷന്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
മതസ്വാതന്ത്ര്യം ഏറ്റവും ദുര്‍ബലമായ രാജ്യങ്ങളെ റിപ്പോര്‍ട്ടില്‍ വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു. മ്യാന്മര്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും മോശം രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത്. രണ്ടാമത്തെ വിഭാഗത്തിലാണ് ഇന്ത്യ. സിറിയ, അഫ്ഗാനിസ്താന്‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളും ഈ വിഭാഗത്തില്‍പെടും. 2009 മുതല്‍ ഇന്ത്യ ഈ വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.