കടല്‍ക്കൊല: യു.എന്‍ ട്രൈബ്യൂണല്‍ വിധി; പാര്‍ലമെന്‍റില്‍ ബഹളം, ഇറങ്ങിപ്പോക്ക്
text_fieldsന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ യു.എന്‍ ട്രൈബ്യൂണല്‍ വിധിയോടെ രണ്ടാമത്തെ പ്രതിയും ഇന്ത്യ വിടാന്‍ വഴിയൊരുങ്ങിയത് കേന്ദ്രസര്‍ക്കാറിനെ പ്രശ്നക്കുരുക്കിലാക്കി. സുപ്രീംകോടതിയുടെ പരമാധികാരം ഉറപ്പിക്കാന്‍ പാകത്തില്‍ യു.എന്‍ ട്രൈബ്യൂണലില്‍ ഇന്ത്യയുടെ വാദം അവതരിപ്പിക്കാതെ മോദിസര്‍ക്കാര്‍ ഇറ്റലിയുമായി ഒത്തുകളിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ബാധിക്കുന്ന വിഷയമാണെന്ന തിരിച്ചറിവില്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തിരക്കിട്ട് പാര്‍ലമെന്‍റില്‍ വിശദ പ്രസ്താവന നടത്തി. കേന്ദ്രസര്‍ക്കാറിനെ കേരളത്തില്‍ പ്രതിക്കൂട്ടിലാക്കുക തന്നെയാണ് കോണ്‍ഗ്രസിന്‍െറ ലക്ഷ്യം. ജെയ്റ്റ്ലിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി. എന്നാല്‍, സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുവദിച്ചില്ല. തുടര്‍ന്ന് കെ.സി. വേണുഗോപാലിന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കി.
മന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സ്പീക്കര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരടക്കം ഇറങ്ങിപ്പോക്ക് നടത്തി. സര്‍ക്കാര്‍ ഈ കേസ് കൈകാര്യംചെയ്ത രീതിയെ എ.ഐ.സി.സി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് കേന്ദ്രത്തിന്‍െറ നിലപാടു മൂലം ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റലിയുമായി ഒത്തുകളിക്കുകയാണ് കേന്ദ്രം ചെയ്തത്. ദുര്‍ബലമായ വാദമായിരുന്നു യു.എന്‍ ട്രൈബ്യൂണലില്‍ ഇന്ത്യയുടേത്. കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങളൊന്നും ശക്തമായി ഉന്നയിച്ചില്ല.
ഇന്ത്യയില്‍, ഇവിടത്തെ നിയമങ്ങള്‍ക്ക് അനുസൃതമായ വിചാരണ നടക്കണമെന്ന നിര്‍ബന്ധബുദ്ധി സര്‍ക്കാര്‍ കാണിച്ചില്ല. ദേശഭക്തി പറയുന്നവര്‍ തന്നെയാണ് ഇറ്റലിയുമായി പിന്നാമ്പുറ കളി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതു കാരണം മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നതെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. മോശം പരാമര്‍ശങ്ങള്‍ നീക്കിയാലും ചാനലുകള്‍ വഴി വിവരങ്ങള്‍ ജനങ്ങളിലത്തെുമെന്ന് അറിയാവുന്നതു കൊണ്ടാണ് കോണ്‍ഗ്രസിന്‍െറ പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു.
അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കോപ്ടര്‍ ക്രമക്കേടു പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ പാര്‍ലമെന്‍റില്‍ കുരുക്കാന്‍ സന്നാഹം ഒരുക്കുമ്പോഴാണ് കടല്‍ക്കൊല കേസ് പ്രതിയെ ഇറ്റലിക്ക് കൈമാറേണ്ടി വരുന്ന സാഹചര്യം സര്‍ക്കാര്‍ നേരിടുന്നത്. കോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകളെല്ലാം പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും വെക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരെ നേരിടാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി.
കോപ്ടര്‍ ഇടപാടില്‍ ഇറ്റലിയിലെ കമ്പനിയും ‘ഇറ്റലിക്കാരി’യായ സോണിയയുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന നല്‍കിക്കൊണ്ടാണ് ബി.ജെ.പി തുടക്കം മുതല്‍ മുന്നോട്ടുനീങ്ങുന്നത്. അതിനു മറുമരുന്ന് കിട്ടിയ വികാരത്തോടെയാണ് കടല്‍ക്കൊല കേസില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്. ഇറ്റാലിയന്‍ നാവികനെ വിട്ടയക്കാന്‍ ഇറ്റലിയുമായി മോദിസര്‍ക്കാര്‍ ഒത്തുകളിച്ചെന്നാണ് കോണ്‍ഗ്രസ് പറഞ്ഞുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.