കാടിന്‍െറ സംരക്ഷണത്തിന് 41,000 കോടി
text_fieldsന്യൂഡല്‍ഹി: കാടിന്‍െറ സംരക്ഷണത്തിന് കൂടുതല്‍ തുക ലഭ്യമാക്കി ബദല്‍ വനവത്കരണ നിയമം ലോക്സഭ പാസാക്കി. വനം-പരിസ്ഥിതി മന്ത്രാലയം കൊണ്ടുവന്ന ബില്‍ ലോക്സഭ ഏകസ്വരത്തിലാണ് പാസാക്കിയത്. ഇതോടെ വനവത്കരണ പദ്ധതികള്‍ക്ക് 41,000 കോടിയോളം ലഭിക്കാന്‍ വഴിതെളിഞ്ഞു. വനത്തെ ബാധിക്കുന്ന വിവിധ പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി നല്‍കുമ്പോള്‍ പകരം വനവത്കരണ പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ഈടാക്കിയ തുകയാണിത്. കേന്ദ്ര സര്‍ക്കാറിനു കീഴില്‍ വനവത്കരണ ഫണ്ട് മാനേജ്മെന്‍റ് ആന്‍ഡ് പ്ളാനിങ് അതോറിറ്റിയാണ് നിലവില്‍ ഫണ്ട് കൈവശംവെച്ചിരിക്കുന്നത്.
വിനിയോഗം സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവത്തില്‍ തുക ചെലവിടാതെ കിടക്കുകയായിരുന്നു. പുതിയ നിയമം അനുസരിച്ച് കേന്ദ്രതലത്തിലും സംസ്ഥാനതലങ്ങളിലും ബദല്‍ വനവത്കരണ ഫണ്ട് രൂപവത്കരിക്കും. അതോറിറ്റിയുടെ കൈവശമുള്ള തുക പ്രസ്തുത ഫണ്ടിലേക്ക് നല്‍കും. ഫണ്ടിന്‍െറ 90 ശതമാനം സംസ്ഥാനങ്ങള്‍ക്കും 10 ശതമാനം കേന്ദ്രത്തിനുമാണ് ലഭിക്കുക. കൃത്രിമ വനവത്കരണം, വനപരിപാലനം, വന്യജീവിസംരക്ഷണം എന്നിവക്കായാണ് ഈ തുക വിനിയോഗിക്കുക. 41,000 കോടി ചെലവഴിക്കാന്‍ വഴിതെളിഞ്ഞതോടെ കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച വിവിധ വനസംരക്ഷണ പദ്ധതികള്‍ക്ക് ആവശ്യമായ തുക ലഭിക്കും.
ബദല്‍ വനവത്കരണ ഫണ്ട് ചെലവഴിക്കുന്നതിന് മുഖ്യമന്ത്രിമാരുടെ അധ്യക്ഷതയില്‍ ഗവേണിങ് ബോഡിയും അതിനുകീഴില്‍ സ്റ്റിയറിങ് കമ്മിറ്റിയും എക്സിക്യൂട്ടിവ് കമ്മിറ്റിയും ഉണ്ടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ബദല്‍ വനവത്കരണ പദ്ധതികളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനും പദ്ധതി ഫലപ്രദമായെന്ന് ഉറപ്പാക്കാന്‍ സോഷ്യല്‍ ഓഡിറ്റിനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ലോക്സഭ പാസാക്കിയ നിയമം ചരിത്രപരമായ നേട്ടമാണെന്ന് വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് വനസംരക്ഷണത്തിന് ആവശ്യമായ പണം ലഭിക്കാന്‍ വഴിതെളിഞ്ഞു. എന്നാല്‍, അതിന്‍െറ പേരില്‍ നിലവില്‍ സംസ്ഥാന ബജറ്റുകളില്‍ വനസംരക്ഷണത്തിന് നീക്കിവെക്കുന്ന വിഹിതം കുറക്കരുതെന്ന് മന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 2015 മേയില്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിടുകയായിരുന്നു. കമ്മിറ്റി നിര്‍ദേശിച്ച മാറ്റങ്ങളോടെയാണ് ഇപ്പോള്‍ പാസാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.