മോദിയുടെ ബി.എ ബിരുദ രേഖകള്‍ വെബ്സൈറ്റില്‍ വെളിപ്പെടുത്തണമെന്ന് കെജ്രിവാള്‍
text_fieldsന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ മോദിയുടെ ബി.എ ബിരുദം സംബന്ധിച്ച വിശദ വിവരം വെബ്സൈറ്റില്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകള്‍ സുരക്ഷിതമായി വെക്കണമെന്നും അവ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നും കെജ്രിവാള്‍ വൈസ്ചാന്‍സലര്‍ യോഗേഷ് ത്യാഗിയോട് അഭ്യര്‍ഥിച്ചു.
തങ്ങളുടെ പ്രധാനമന്ത്രിക്ക് എത്രമാത്രം വിദ്യാഭ്യാസമുണ്ടെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മാത്രമല്ല, അദ്ദേഹത്തിൻെറ ഡിഗ്രിയെ കുറിച്ച് ഗുരുതര ആരോപണങ്ങളുണ്ട്. അങ്ങിനെയെങ്കില്‍ യഥാര്‍ത്ഥ വസ്തുത പുറത്തുവരേണ്ടതുണ്ടെന്നും കെജ്രിവാള്‍ ചുണ്ടിക്കാട്ടി. നരേന്ദ്ര മോദിക്ക് ബിരുദമില്ലെന്ന ആരോപണം പരാമര്‍ശിക്കവെ, മോദി ബിരുദ പഠനം നടത്തിയതിന് ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ ഒരു രേഖയുമില്ലെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. അദ്ദേഹം ബി.എ പാസായിട്ടില്ലെങ്കില്‍ പിന്നെയെങ്ങിനെയാണ് എം.എ നേടുക? അതിനര്‍ഥം അദ്ദേഹത്തിന്‍െറ എം.എ ബിരുദം വ്യാജമാണെന്നാണ്- കെജ്രിവാള്‍ പറഞ്ഞു.
2014ലെ പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നല്‍കിയ സത്യവാങ്മൂലത്തില്‍ നരേന്ദ്ര മോദി താന്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി.എയും ഗുജ്റാത്ത് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എയും പാസായതായി പറയുന്നുണ്ട്. ഈ രണ്ട് വാദങ്ങളും തെറ്റാണെന്നാണ് കെജ്രിവാളും ആം ആദ്മി പാര്‍ടിയും ആരോപിക്കുന്നത്. ചില പത്രങ്ങളില്‍ മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്‍െറ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇത് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
നരേന്ദ്ര മോദിയുടെ ബിരുദ രേഖകള്‍ കാണിക്കാന്‍ ഡല്‍ഹി യൂനിവേഴ്സിറ്റി വിസമ്മതിക്കുകയാണ്, തനിക്ക് ലഭിച്ച വിവരമനുസരിച്ച് മോദി ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി.എ ബിരുദമെടുത്തിട്ടില്ല എന്നായിരുന്നു കെജ്രിവാളിൻെറ ഇന്നലത്തെ ട്വീറ്റ്. മോദി 62. 3 ശതമാനം മാര്‍ക്കോടെ എം.എ പാസായിട്ടുണ്ട് എന്ന് ഗുജ്റാത്ത് യൂനിവേഴ്സിറ്റി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതേസമയം, അദ്ദേഹത്തിന്‍റെ ബിരുദത്തെ കുറിച്ച് ഡല്‍ഹി യൂനിവേഴ്സിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.