നേപ്പാള്‍ വീണ്ടും ഇടയുന്നു ; അംബാസഡറെ തിരിച്ചുവിളിച്ചു
text_fieldsന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ അയല്‍പക്ക നയതന്ത്ര പിഴവുകള്‍ വ്യാപക വിമര്‍ശം ഏറ്റുവാങ്ങുന്നതിനിടെ, നേപ്പാളും ഇന്ത്യയുമായി വീണ്ടും ഉരസല്‍. ഇന്ത്യയിലെ അംബാസഡര്‍ ദീപ്കുമാര്‍ ഉപാധ്യായയെ നേപ്പാള്‍ തിരിച്ചുവിളിച്ചു. പ്രസിഡന്‍റ് വിദ്യാദേവി ഭണ്ഡാരിയുടെ പ്രഥമ ഡല്‍ഹി സന്ദര്‍ശനം റദ്ദാക്കി.
വെള്ളിയാഴ്ച വൈകീട്ടാണ് ദീപ്കുമാര്‍ ഉപാധ്യായയെ നേപ്പാള്‍ ഭരണകൂടം തിരിച്ചുവിളിച്ചത്. പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പ്രചണ്ഡ നയിക്കുന്ന യു.സി.പി.എന്‍ -മാവോയിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസ് നടത്തിയ നീക്കത്തെ ദീപ്കുമാര്‍ പിന്തുണച്ചുവെന്നാണ് ആക്ഷേപം. 2015 ഏപ്രിലിലാണ് അന്നത്തെ നേപ്പാളി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉപാധ്യായയെ ഇന്ത്യയില്‍ നിയമിച്ചത്. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന് ഇന്ത്യയുടെ പിന്തുണയുണ്ടെന്നാണ് ആരോപണം.
പ്രധാനമന്ത്രിയെ പുറത്താക്കുംവിധം ഭരണസഖ്യത്തിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് മാവോവാദികള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നേപ്പാള്‍ പാര്‍ലമെന്‍റ് നടത്തിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷഭരിതമായിരുന്നു. എന്നാല്‍, തല്‍ക്കാലം സര്‍ക്കാറിനുള്ള പിന്തുണ തുടരാനാണ് മാവോവാദികള്‍ തീരുമാനിച്ചത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ക്ഷണപ്രകാരം നേപ്പാള്‍ പ്രസിഡന്‍റ് വിദ്യാദേവി ഭണ്ഡാരി തിങ്കളാഴ്ച ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. ഉജ്ജയിനിലെ സിംഹസ്ഥ കും ഭമേളയിലെ ഷാഹിസ്നാനത്തില്‍ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ യാത്രക്ക് നേപ്പാള്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയില്ല.
അടുത്ത അയല്‍ക്കാരായ നേപ്പാളുമായി നിലനിന്ന പരമ്പരാഗത സൗഹൃദമാണ് ഉലഞ്ഞത്. സൗഹൃദം വീണ്ടും പച്ചപിടിക്കുന്നുവെന്ന പ്രതീതി ഉണ്ടായതിനു പിന്നാലെയാണ് ഇപ്പോഴത്തെ സംഘര്‍ഷം. കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയിലെ ഉപരോധം ഒരു മാസത്തിലേറെ നീണ്ടത് രണ്ടു രാജ്യങ്ങള്‍ക്കും പ്രശ്നം സൃഷ്ടിച്ചിരുന്നു. നേപ്പാളിന്‍െറ പുതിയ ഭരണഘടന തങ്ങളെ പാര്‍ശ്വവത്കരിക്കുന്നുവെന്ന് കുറ്റപ്പെടുത്തി വംശീയ ന്യൂനപക്ഷമായ മധേശികളാണ് ഉപരോധം സൃഷ്ടിച്ചത്. ഇതിന് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് നേപ്പാള്‍ ആരോപിക്കുകയും ചെയ്തു. ഉപരോധം സൃഷ്ടിച്ചതുതന്നെ ഇന്ത്യയാണെന്നായിരുന്നു ആരോപണം.
ഇന്ത്യ വല്യേട്ടന്‍ മനോഭാവത്തോടെ പെരുമാറുന്നുവെന്നും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നും നേപ്പാള്‍ കുറ്റപ്പെടുത്തുന്നുണ്ട്. ബന്ധം മെച്ചപ്പെടുത്തുന്നതിന് പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലി ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഇതിന് ഫലമുണ്ടായില്ളെ്ളന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. നേപ്പാളിലെ സംഭവങ്ങള്‍ സുസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്നും അവരുടെ ആഭ്യന്തര വിഷയങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നുമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.