ഹിന്ദു ഭീകരതയും മുസ്ലിം ഭീകരതയുമില്ല –എന്‍.ഐ.എ
text_fieldsന്യൂഡല്‍ഹി: ഹിന്ദു ഭീകരത, മുസ്ലിം ഭീകരത എന്ന ഒന്നില്ളെന്നും ഭീകരത ഭീകരതതന്നെയാണെന്നും എന്‍.ഐ.എ മേധാവി. ഐ.എസ് ഇന്ത്യക്കൊരു ആശങ്കയാണെങ്കിലും അത്ര വലിയ ഭീഷണിയല്ളെന്നും സമുദായം പൊതുവില്‍ ഐ.എസിനോട് താല്‍പര്യമില്ലാത്തവരാണെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഡയറക്ടര്‍ ജനറല്‍ ശരത് കുമാര്‍ വ്യക്തമാക്കി. ചില ഭീകരകേസുകളിലെ പ്രതികള്‍ ആര്‍.എസ്.എസ് അംഗങ്ങളായിരുന്നുവെങ്കിലും അവരെ സംഘടന പുറത്താക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ ഭീകരര്‍, ഇന്ത്യന്‍ മുജാഹിദീന്‍, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണസമയത്ത് എന്‍.ഐ.എയുടെ തലപ്പത്തുള്ള ശരത് കുമാര്‍ ‘ദ ഇന്ത്യന്‍ എക്സ്പ്രസി’ന്‍െറ ഐഡിയ എക്സ്ചേഞ്ച് പരിപാടിയിലാണ് പ്രമാദമായ ഭീകരകേസുകളുമായി ബന്ധപ്പെട്ട് തന്‍െറ നിലപാട് വ്യക്തമാക്കിയത്. ഹിന്ദുത്വ ഭീകരകേസുകളിലെ മൊഴിമാറ്റം സാക്ഷിക്കും കോടതിക്കും പ്രോസിക്യൂട്ടര്‍ക്കും ഇടയിലെ കാര്യമാണെന്നും അതില്‍ എന്‍.ഐ.എക്ക് പങ്കില്ളെന്നും ഡയറക്ടര്‍ ജനറല്‍ അവകാശപ്പെട്ടു.
ഹിന്ദുത്വ ഭീകരകേസുകളിലെ സാക്ഷികള്‍ കൂറുമാറുന്നത് തങ്ങള്‍ക്കും ആശങ്കയുയര്‍ത്തുന്ന കാര്യമാണ്. എന്നാല്‍, ഇത് എല്ലാ കേസുകളിലും സംഭവിക്കാറുള്ളതാണ്. ഹിന്ദുത്വ കേസുകളില്‍ മെല്ളെപ്പോകാന്‍ എന്‍.ഐ.എക്ക് നിര്‍ദേശമുണ്ടായിരുന്നെന്ന മാലേഗാവ് സ്ഫോടനക്കേസിലെ പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയന്‍െറ ആരോപണം തള്ളിയ ശരത് കുമാര്‍ കാലാവധി നീട്ടിനല്‍കില്ല എന്ന് കണ്ടപ്പോഴാണ് ഇത്തരമൊരു വാദവുമായി അവര്‍ രംഗത്തുവന്നതെന്ന് തിരിച്ച് ആരോപിച്ചു.
മുംബൈയിലെ ട്രെയിന്‍ സ്ഫോടനക്കേസിലും പുണെ ജര്‍മന്‍ സ്ഫോടനക്കേസിലും മഹാരാഷ്ട്ര പൊലീസ് പിടികൂടിയ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടത്തെി കോടതി ശിക്ഷ വിധിച്ചശേഷം എന്‍.ഐ.എ പിടികൂടിയ ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങള്‍ പിന്നീട് ഈ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തത് ചൂണ്ടിക്കാണിച്ചപ്പോള്‍ കോടതി വിധി പ്രഖ്യാപിച്ച സ്ഥിതിക്ക് പിന്നെന്തുചെയ്യാന്‍ കഴിയുമെന്ന് ശരത് കുമാര്‍ തിരിച്ചുചോദിച്ചു.
സംഝോത എക്സ്പ്രസ് സ്ഫോടനക്കേസ് എന്‍.ഐ.എ അല്ല അന്വേഷിക്കുന്നതെന്നും ലശ്കര്‍ കമാന്‍ഡര്‍ ആരിഫ് ഖസ്മാനിയുമായി ആ കേസിനെ ബന്ധപ്പെടുത്തുന്നതിന് വലിയ ബലമുണ്ടെന്ന് താന്‍ കരുതുന്നില്ളെന്നും ശരത് കുമാര്‍ പറഞ്ഞു. സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ ലശ്കറെ ത്വയ്യിബയെയും ജയ്ശെ മുഹമ്മദിനെയും ആദ്യം അന്വേഷണ ഏജന്‍സികള്‍ കുറ്റപ്പെടുത്തിയ സമയത്ത് ലശ്കര്‍ ചീഫ് കോഓഡിനേറ്റര്‍ ആരിഫ് ഖസ്മാനിയാണ് ഇതിന് ഫണ്ട് ചെയ്തതെന്ന് ആരോപിച്ചിരുന്നെങ്കിലും എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തപ്പോള്‍ ഹിന്ദുത്വ ഭീകരര്‍ പ്രതികളായി വന്നുവെന്നും എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റതോടെ വീണ്ടും ആരിഫ് ഖസ്മാനിയുടെ പേര് ഉയര്‍ന്നുതുടങ്ങിയെന്നും ‘ഇന്ത്യന്‍ എക്സ്പ്രസ്’ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഈ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.