ഉത്തരാഖണ്ഡ് വിശ്വാസ വോട്ടെടുപ്പ് ഫലം ഇന്ന് സുപ്രീംകോടതി പ്രഖ്യാപിക്കും
text_fieldsന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് ഫലം സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞദിവസം നടന്ന വോട്ടെടുപ്പിന്‍റെ ഫലവും വിഡിയോ ദൃശ്യങ്ങളും മുദ്രവെച്ച കവറില്‍ രാവിലെ കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് കോടതിയില്‍ നിന്നായിരിക്കും വോട്ടെടുപ്പിന്‍റെ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകുക. രാഷ്ട്രപതി ഭരണം തുടരുന്ന കാര്യത്തിലും കോടതി തീരുമാനമെടുത്തേക്കും. കേവലഭൂരിപക്ഷത്തിന് വേണ്ട 32 നേക്കാള്‍ ഒരുവോട്ട് കൂടുതല്‍ േനടി വീണ്ടും അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
കഴിഞ്ഞദിവസം രാവിലെ ഒന്നര മണിക്കൂര്‍ നീണ്ട വോട്ടെടുപ്പു നടപടിക്രമങ്ങള്‍ വീഡിയോയില്‍ രേഖപ്പെടുത്തിയിരുന്നു.
സുപ്രീംകോടതി നിര്‍ദേശപ്രകാരം രണ്ടു മണിക്കൂര്‍ സമയത്തേക്ക് രാഷ്ട്രപതിഭരണം പിന്‍വലിച്ച്, പരമോന്നത നീതിപീഠം നിയോഗിച്ച നിരീക്ഷകന്‍െറ സാന്നിധ്യത്തില്‍ നടന്ന വോട്ടെടുപ്പില്‍ ഹരീഷ് റാവത്തിന് 33ഉം ബി.ജെ.പിക്ക് 28ഉം വോട്ടു കിട്ടിയെന്നാണ് ഇരുപക്ഷത്തിന്‍െറയും വിശദീകരണങ്ങളില്‍നിന്ന് വ്യക്തമാവുന്നത്. ബി.ജെ.പിയെ പിന്തുണക്കുന്ന ഒമ്പത് വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നടത്തിയ തീവ്രശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. അവര്‍ക്ക് അയോഗ്യത കല്‍പിച്ച ഹൈകോടതി വിധിയില്‍ ഇടപെടാന്‍ സുപ്രീംകോടതി തയാറായിരുന്നില്ല.
ബി.ജെ.പിയുടെ ഭീംലാല്‍ ആര്യ കോണ്‍ഗ്രസിനും കോണ്‍ഗ്രസിന്‍െറ രേഖാ ആര്യ ബി.ജെ.പിക്കും വോട്ടു മറിച്ചുകുത്തിയെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിനു കിട്ടിയ 33ല്‍ ആറു വോട്ട് ചെറുകക്ഷികളുടെ സഖ്യമായ പി.ഡി.എഫിന്‍െറതാണ്. ബി.എസ്.പി-2, യു.കെ.ഡി-1, സ്വതന്ത്രര്‍-3 എന്നിവരാണ് പി.ഡി.എഫിലുള്ളത്. 28 വരെ സീറ്റുകള്‍ മാത്രമാണ് ബി.ജെ.പി അവകാശപ്പെട്ടത്. കനത്ത സുരക്ഷാവലയത്തിലായിരുന്നു നിയമസഭാ കെട്ടിടം. എം.എല്‍.എമാര്‍ക്കും ജീവനക്കാര്‍ക്കുമല്ലാതെ മറ്റാര്‍ക്കും പ്രവേശം അനുവദിച്ചില്ല. അസംബ്ലി മന്ദിരത്തിന് പുറത്തായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ഥാനം.
ഒരു സര്‍ക്കാറിന്‍റെ ഭൂരിപക്ഷം നിയമസഭയിലാണ് തെളിയിക്കപ്പെടേണ്ടതെന്ന കോടതിവിധികള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്ന സംഭവവികാസങ്ങളാണ് വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിശ്വാസവോട്ട് തേടാന്‍ ഒരു സര്‍ക്കാറിനുള്ള അവകാശം കോടതി വ്യവഹാരങ്ങളില്‍ കൂടുതല്‍ വ്യക്തമാക്കപ്പെടുകയും ചെയ്തു. നിയമസഭയില്‍ സ്പീക്കര്‍ അയോഗ്യത കല്‍പിച്ചവരുടെ കാര്യത്തില്‍ സഭാധ്യക്ഷനുള്ള പരമാധികാരവും കോടതികള്‍ ശരിവെക്കുകയാണുണ്ടായത്.
ഒമ്പതു വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മാർച്ച് 18 ന് ബി.െജ.പിയുമായി ചേർന്നതോടെയാണ് ഉത്തരാഖണ്ഡിൽ ഭരണപ്രതിസന്ധി ഉടലെടുത്തത്. മാര്‍ച്ച് 28ന് വിശ്വാസ വോട്ടെടുപ്പു നടത്താന്‍ ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശം അട്ടിമറിച്ച് തലേദിവസം കേന്ദ്രസർക്കാർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.