എന്‍.ഐ.എ കുറ്റപത്രം പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍ അറിയാതെ
text_fieldsമുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ അഭിനവ് ഭാരത് പ്രവര്‍ത്തകരെ രക്ഷിക്കുംവിധം എന്‍.ഐ.എ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത് പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍ അറിയാതെ. കേസിലെ പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍ അവിനാഷ് റസലിനെ നോക്കുകുത്തിയാക്കി പ്രോസിക്യൂട്ടര്‍ ഗീത ഗോഡാമ്പെയാണ് വെള്ളിയാഴ്ച പ്രത്യേക കോടതി മുമ്പാകെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.തന്നെ അറിയിക്കാതെയാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചതെന്നും തന്നെ അപമാനിച്ചെന്നും പദവി രാജിവെച്ചേക്കുമെന്നും അവിനാഷ് റസല്‍ പറഞ്ഞു.കേന്ദ്രത്തിലെ ഭരണമാറ്റത്തെ തുടര്‍ന്ന് മാലേഗാവ് സ്ഫോടനക്കേസില്‍ എന്‍.ഐ.എ നിലപാട് മാറ്റിയത് വിവാദമായിരുന്നു. അഭിനവ് ഭാരത് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് നേരെ കോടതിയില്‍ മൃദുസമീപനം സ്വീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ സന്ദേശവുമായി ഉന്നത എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ തന്നെ കണ്ടെന്ന് പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാന്‍ വെളിപ്പെടുത്തിയതോടെയാണ് വിവാദമുണ്ടായത്.
വാദം പോരെന്ന പേരില്‍ രോഹിണി സാലിയാനെ പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുകയാണുണ്ടായത്. നേരത്തേ ഹേമന്ദ് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് അന്വേഷിക്കുകയും പ്രജ്ഞ സിങ് ഠാകുര്‍, ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്നിവരടക്കം 14 പേരെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത കേസ് 2011 ഏപ്രിലിലാണ് എന്‍.ഐ.എ ഏറ്റെടുത്തത്.ഭരണമാറ്റത്തിനുമുമ്പ് പ്രതികള്‍ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മകോക) ചുമത്തിയതിനെതിരെ ബോംബെ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചപ്പോള്‍ അവരുടെ വാദത്തിനെതിരെ ശക്തമായ നിലപാടാണ് എന്‍.ഐ.എ സ്വീകരിച്ചത്.
എന്നാല്‍, ഭരണമാറ്റത്തിനുശേഷം നിലപാട് മാറ്റി ‘മകോക’ ഒഴിവാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുകയാണ് എന്‍.ഐ.എ ചെയ്തത്.നിയമോപദേശം തേടിയതും പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍ അവിനാഷ് റസലിനെ അറിയിക്കാതെയായിരുന്നു. സ്ഫോടന ഗൂഢാലോചനയുമായി ബന്ധപ്പെട്ട സാക്ഷിമൊഴികള്‍ ഒരു മാസം മുമ്പ് കാണാതായി.തുടര്‍ന്ന് രണ്ട് പ്രധാന സാക്ഷികളെ ഡല്‍ഹി കോടതിയില്‍ എത്തിച്ച് പുതിയ മൊഴിയെടുത്തു. 2008 ജനുവരി 25ന് ഫരീദാബാദിലെ ക്ഷേത്രത്തിലും പിന്നീട് ഏപ്രിലില്‍ ഭോപാലിലെ ക്ഷേത്രത്തിലും സന്യാസിമാരായ ദയാനന്ദ് പാണ്ഡെ, പ്രജ്ഞ ഠാകുര്‍, കേണല്‍ ശ്രീകാന്ത് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ്, സമീര്‍ കുല്‍കര്‍ണി എന്നിവര്‍ രഹസ്യയോഗം ചേര്‍ന്നതിനും മാലേഗാവില്‍ സ്ഫോടനം നടത്തല്‍, ഹിന്ദു രാഷ്ട്ര നിര്‍മിതി, സമാന്തര സര്‍ക്കാര്‍ എന്നിങ്ങനെ ചര്‍ച്ച നടന്നതിനും എ.ടി.എസിനു മുമ്പാകെ സാക്ഷി പറഞ്ഞവര്‍ മൊഴി തിരുത്തുകയാണ് ഡല്‍ഹി കോടതിയില്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.