വ്യാപം: മെഡിക്കല്‍ വിദ്യാര്‍ഥികളെച്ചൊല്ലി സുപ്രീംകോടതിയില്‍ ഭിന്നത
text_fieldsന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ‘വ്യാപം’ ക്രമക്കേടിന്‍െറ ഗുണഭോക്താക്കളായി ഡോക്ടര്‍മാരാകാന്‍ പോകുന്ന 634 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവിയെച്ചൊല്ലി സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത വിധിപ്രസ്താവത്തിലൂടെ പുറത്തുവന്നു. ക്രമക്കേടിലൂടെ പ്രവേശം നേടിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ കോഴ്സ് പൂറത്തിയാക്കിയശേഷം അഞ്ചു വര്‍ഷം നിര്‍ബന്ധ രാഷ്ട്രസേവനത്തിന് വിടണമെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ വിധിച്ചപ്പോള്‍ കോഴ്സ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാരിതോഷികമാകുമെന്ന് ജസ്റ്റിസ് അഭയ് സപ്രെ ഭിന്നവിധിയില്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിപുലമായ ബെഞ്ച് വിദ്യാര്‍ഥികളുടെ ഭാവി സംബന്ധിച്ച തീരുമാനമെടുക്കും.
വിദ്യാര്‍ഥികള്‍ തെറ്റായമാര്‍ഗത്തിലൂടെ പ്രവേശം നേടിയത് റദ്ദാക്കുന്നത് ബുദ്ധിശൂന്യമാണെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി. അതിന് പകരം പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ആ വിദ്യാര്‍ഥികള്‍ ഡോക്ടര്‍മാരായശേഷം അഞ്ചു വര്‍ഷം രാജ്യത്തിന് നിര്‍ബന്ധസേവനം ചെയ്യാന്‍ ആവശ്യപ്പെടുക. സേവനം ഏറ്റവും നല്ലത് സൈന്യത്തിലാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ കൂട്ടിച്ചേര്‍ത്തു. ഈ വിദ്യാര്‍ഥികള്‍ കോഴ്സ് ഏറക്കുറെ പൂര്‍ത്തിയാക്കിയ ഘട്ടത്തിലായതിനാല്‍ പരിശീലനം നേടിയ മനുഷ്യവിഭവം സമൂഹം പാഴാക്കണോ എന്നതാണ് മുന്നിലുള്ള യഥാര്‍ഥചോദ്യമെന്ന് അദ്ദേഹം വിശദീകരിച്ചു.
തെറ്റ് ചെയ്തവരില്‍നിന്ന് സമൂഹത്തിന് നഷ്ടപരിഹാരം കിട്ടേണ്ടതുണ്ട്. നഷ്ടപരിഹാരം സാമ്പത്തികം ആകണമെന്നില്ല. അതിനാല്‍ ശമ്പളമില്ലാതെ അവരെ അഞ്ചു വര്‍ഷത്തെ രാജ്യസേവനത്തിന് വിടുകയാണ് വേണ്ടത്. എന്നാല്‍, ഈ നിര്‍ദേശം നിരാകരിച്ച് ഭിന്നവിധി പുറപ്പെടുവിച്ച ജസ്റ്റിസ് അഭയ് സപ്രെ, ഇവര്‍ക്ക് എന്തെങ്കിലും ഇളവുനല്‍കുന്നത് യോഗ്യരായ വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുമെന്നും പരീക്ഷാനടത്തിപ്പിന്‍െറ വിശ്വാസ്യതയെതന്നെ തകര്‍ക്കുമെന്നും ചൂണ്ടിക്കാട്ടി. ഒരിക്കല്‍ പരീക്ഷ റദ്ദാക്കിയാല്‍ ഇവരുടെ കോഴ്സും നിയമവിരുദ്ധമായെന്ന് അദ്ദേഹം തുടര്‍ന്നു. ഭാവിയില്‍ നടത്തുന്ന പ്രവേശപരീക്ഷയില്‍ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം എഴുതാന്‍ അവര്‍ക്ക് ഒരവസരം അനുവദിക്കാമെന്നത് മാത്രമാണ് അവര്‍ക്ക് നല്‍കാവുന്ന ഒരേ ഒരു ഇളവെന്നും ജസ്റ്റിസ് സപ്രെ അഭിപ്രായപ്പെട്ടു.
രണ്ടു ജഡ്ജിമാരും തമ്മിലുണ്ടായ അഭിപ്രായഭിന്നതയുടെ പശ്ചാത്തലത്തില്‍ വിപുലമായ ബെഞ്ച് രൂപവത്കരണത്തിനായി കേസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍െറ മുന്നിലത്തെി. 2007നും 2012നുമിടയില്‍ ക്രമക്കേടുകളുണ്ടായ പരീക്ഷകളിലൂടെ നേടിയ പ്രവേശം റദ്ദാക്കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം വ്യാപം കേസ് മധ്യപ്രദേശ് പൊലീസില്‍നിന്ന് സി.ബി.ഐ ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.