ബിഹാറിലെ പത്രപ്രവര്‍ത്തകന്‍െറ കൊല: കേസ് സി.ബി.ഐക്ക്
text_fieldsന്യൂഡല്‍ഹി: ബിഹാറില്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ചുകൊന്ന കേസ് സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയും ബിഹാറില്‍ ‘കാട്ടുനീതി’യാണ് നിലനില്‍ക്കുന്നതെന്നുള്ള ആക്ഷേപം ദേശീയശ്രദ്ധ നേടുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. ഹിന്ദുസ്ഥാന്‍ ഹിന്ദി ദിനപത്രത്തിന്‍െറ സിവാന്‍ ജില്ലാ ബ്യൂറോ ചീഫ് രാജ്ദേവ് രഞ്ജന്‍ ഏതാനും ദിവസം മുമ്പാണ് വെടിയേറ്റു മരിച്ചത്. സിവാനിലെ മുന്‍ എം.പിയും ആര്‍.ജെ.ഡി നേതാവുമായ മുഹമ്മദ് ശിഹാബുദ്ദീനാണ് കൊലക്കു പിന്നിലെന്ന് പത്രപ്രവര്‍ത്തകന്‍െറ കുടുംബം ആരോപിച്ചിട്ടുണ്ട്.
ശിഹാബുദ്ദീനുമായി അടുത്ത ബന്ധമുള്ള ഉപേന്ദ്ര സിങ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. വാഹനം മറികടന്നതിന്‍െറ പേരില്‍ ആര്‍.ജെ.ഡി എം.എല്‍.എയുടെ മകന്‍ ഒരു യുവാവിനെ വെടിവെച്ചുകൊന്നതും ഏതാനും ദിവസം മുമ്പാണ്.
ഈ രണ്ടു സംഭവങ്ങളും ഉയര്‍ത്തിക്കാട്ടി ലാലുവുമായി ചേര്‍ന്ന് നിതീഷ് ഭരിക്കുന്ന ബിഹാറില്‍ കാട്ടുഭരണമാണ് എന്നാണ് ബി.ജെ.പി ഉന്നയിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാലു-നിതീഷ് മഹാസഖ്യം മോദിയുടെ ബി.ജെ.പിക്കെതിരെ തിളക്കമാര്‍ന്ന വിജയം നേടിയിരുന്നു. നിതീഷിന്‍െറ തിരിച്ചുവരവ് ദേശീയതലത്തില്‍ മതേതര ചേരിയില്‍ പ്രതീക്ഷ ഉണര്‍ത്തുകയും ചെയ്തു. 2019 പൊതുതെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ മുന്നണിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന നിതീഷ് കുമാര്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജെ.ഡി.യുവിന്‍െറ ദേശീയ അധ്യക്ഷ പദവി ശരദ് യാദവില്‍നിന്ന് ഏറ്റെടുത്ത നിതീഷ് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയില്‍ സാന്നിധ്യം അറിയിക്കാനുള്ള അണിയറ ഒരുക്കത്തിലുമാണ്.
മോദിയുടെ മണ്ഡലമായ വാരാണസിയില്‍ കഴിഞ്ഞ ദിവസം റാലി സംഘടിപ്പിച്ച നിതീഷ് മദ്യവും ആര്‍.എസ്.എസും ഇല്ലാത്ത ഇന്ത്യയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതിന് തൊട്ടുപിന്നാലെയുണ്ടായ പത്രപ്രവര്‍ത്തകന്‍െറ കൊലയും ആര്‍.ജെ.ഡി എം.എല്‍.എയുടെ മകന്‍െറ അക്രമവും ബി.ജെ.പി ആയുധമാക്കി. ഇതോടെ പ്രതിരോധത്തിലായ നിതീഷ് അതില്‍നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടിയാണ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചത്. ബിഹാര്‍ പൊലീസില്‍ വിശ്വാസമുണ്ടെന്നും അന്വേഷണം നല്ലനിലയില്‍ നടക്കുന്നുണ്ടെന്നും പറഞ്ഞ നിതീഷ്, കുടുംബവും മറ്റും ആവശ്യപ്പെട്ടതിനാലാണ് സി.ബി.ഐക്ക് വിടുന്നതെന്ന് വ്യക്തമാക്കി. ബിഹാറില്‍ കാട്ടുഭരണം ആരോപിക്കുന്നതിന് പിന്നില്‍ ബി.ജെ.പിയും മദ്യം നിരോധിക്കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പുള്ള മദ്യലോബിയുമാണെന്നും നിതീഷ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.